
നെടുമങ്ങാട്: അമിത വേഗതയിലോടുന്ന ടിപ്പറുകളെ പേടിച്ച് ഉളിയൂർ നിവാസികൾ. യാതൊരു സുരക്ഷിതത്വവുമില്ലാതെ പായുന്ന ടിപ്പർ ലോറികളിൽ നിന്ന് തെറിച്ചു വീഴുന്ന കൂറ്റൻ പാറ കഷ്‌ണങ്ങൾ വാഹന യാത്രക്കാർക്കും ഒരുപോലെ ഭീതി വിതയ്ക്കുന്ന കാഴ്ചയാണ്. മിക്കപ്പോഴും മേൽമൂടിയില്ലാതെ പായുന്ന ലോറികളിൽ നിന്നും തെറിച്ചു വീഴുന്ന കല്ലും മണ്ണും വീണ് നിരവധി യാത്രക്കാർക്കാണ് അപകടം
സംഭവിച്ചിട്ടുള്ളത്. കയറ്റം കയറുമ്പോഴും വേഗത്തിൽ വളവുകൾ തിരിയുമ്പോഴുമാണ് അപകടങ്ങൾ കൂടുന്നത്. റോഡ് നിർമ്മാണത്തിനായി പഴകുറ്റി വെമ്പായം റോഡ് അടച്ചതോടെയാണ് വാഹനങ്ങൾ പഴകുറ്റി ഉളിയൂർ റോഡുവഴി പോകുന്നത്. ഇടുങ്ങിയതും തകർന്നതുമായ റോഡാണ് ഈ റോഡ്. രാത്രിയും പകലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ടിപ്പറുകളുടെ മരണപാച്ചിൽ. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും അടിയന്തിര ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.