തിരുവനന്തപുരം: എക്സ്റേ, ഇ.ജി.സി, അൾട്രാസൗണ്ട് സ്കാൻ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളുമൊരുക്കി വളർത്തുമൃഗങ്ങൾക്ക് വേണ്ടി മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്‌പിറ്റൽ കുടപ്പനക്കുന്നിൽ പ്രവർത്തിക്കുന്നുണ്ട്. സിവിൽ സ്റ്റേഷനോട് ചേർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് സംസ്ഥാനത്തെ ഏക മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് ഓമന മൃഗങ്ങളുടെ ചികിത്സയ്‌ക്കായി ഇവിടെയെത്തുന്നവർ നിരവധിയാണ്.
മനുഷ്യന് നൽകുന്ന ചികിത്സ പോലെ എല്ലാവിധ അത്യാധുനിക സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കാഷ്വാലിറ്റി, എമർജൻസി വിഭാഗം അടക്കം പ്രവർത്തിക്കുന്ന റഫറൽ ആശുപത്രിയാണിത്. മറ്റ് ആശുപത്രികളിൽ നിന്ന് കൂടുതൽ പരിശോധനകളോ വിദഗ്ദ്ധ ചികിത്സയോ വേണ്ടിവരുന്ന പക്ഷിമൃഗാദികളെ ഡോക്ടറുടെ റഫറൻസോടെ ഇവിടെ എത്തിച്ചാൽ ചികിത്സ ലഭ്യമാക്കും. എന്നാൽ പ്രസവം, അപകടം, വിഷബാധ തുടങ്ങി അത്യാവശ്യ ഘട്ടങ്ങളിൽ റഫറൻസിന്റെ ആവശ്യമില്ല. ഗുരുതരമായ ശസ്ത്രക്രിയകൾ നടത്തുന്നതിനാൽ പകർച്ചവ്യാധികൾ പിടിപ്പെട്ട മൃഗങ്ങളെ ഇവിടെ ചികിത്സിക്കാറില്ല.

ആദ്യം രോഗനിർണയം
മൃഗങ്ങളുടെ രോഗനിർണയം നടത്തുകയാണ് ആദ്യഘട്ടം. ഇവിടെയുള്ള ക്ലിനിക്കൽ ലാബിൽ പരിശോധനകൾ നടത്തും. പാത്തോളജിസ്റ്റിന്റെ മേൽനോട്ടത്തിലാണ് പരിശോധന. ഡിജിറ്റൽ എക്സ്റേ,ഇ.ജി.സി,അൾട്രാസൗണ്ട് സ്കാൻ, എൻഡോസ്കോപ്പി എന്നിവയുടെ സഹായത്തോടെയാണ് രോഗം കണ്ടെത്തുന്നത്. ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കിൽ സർജിക്കൽ വിഭാഗത്തിൽ മൂന്ന് സർജൻമാരുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ നടത്തും. മെഡിക്കൽ വിഭാഗത്തിലും ഡോക്ടർമാരുണ്ട്. കൂടാതെ ഗൈനക്കോളജിസ്റ്റുമുണ്ട്.

ആനകൾക്കും ചികിത്സ
ആനകളുടെ ആന്തരിക രോഗ പരിശോധന നടത്താൻ കഴിയുന്ന പ്രത്യേകമായ എക്സ്റേ മെഷീൻ ഇവിടെയുണ്ട്.ആന ചികിത്സയിൽ പരിചയ സമ്പന്നനായ ഡോക്ടറുടെ സേവനവും ലഭ്യമാണ്.


ആശുപത്രിയിലുള്ള സൗകര്യങ്ങൾ
ഒബ്സെർവേഷൻ റൂം, കോൺഫറൻസ് ഹാൾ, ട്രീറ്റ്‌മെന്റ് റൂം, ഫാർമസി, ഇൻപേഷ്യന്റ് വാർഡ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ്, ഓപ്പറേഷൻ തിയറ്റർ കോംപ്ലെക്സ്, മെഡിക്കൽ, സർജറി, ഗൈനക്കോളനി വിഭാഗം.

പൂച്ചകൾക്ക് മാത്രമായി പ്രത്യേക ചികിത്സാമുറി
മറ്റു മൃഗങ്ങളുടെ ശബ്ദം കേട്ടാൽ പൂച്ചകൾ വിരണ്ടോടും എന്നതിനാൽ പൂച്ചകൾക്ക് മാത്രമായി പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്.

രാവിലെ 8 മുതൽ രാത്രി 8 വരെ

24 മണിക്കൂറും പ്രവർത്തനം ലക്ഷ്യമിട്ടാണ് ആശുപത്രിയുടെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ മൂന്ന് ഡോക്ടർമാർ മാത്രമേ ഇവിടെയുള്ളൂ.കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് പേർ പോയതിന് ശേഷം പകരം വെറ്റിനറി സർജൻമാർ എത്തിയിട്ടില്ല. അതിനാൽ രാവിലെ 8 മുതൽ രാത്രി 8 വരെ മാത്രമേ ഇപ്പോൾ പ്രവർത്തനമുള്ളൂ. പുതിയതായി വെറ്ററിനറി സർജനെ നിയമിച്ചാൽ മാത്രമേ 24 മണിക്കൂറും സേവനം ലഭ്യമാക്കാൻ സാധിക്കൂ.

ഒരു മാസം ശരാശരി 1600 ഒ.പിയാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്. ഓരോ ദിവസവും ശരാശരി 50 നും 60 നും ഇടയിൽ ഒ.പി ഇവിടെ എത്താറുണ്ട്. നാല് വർഷത്തിനിടെ 60,൦൦൦ ൽ പരം ചികിത്സകളും 3800 ഓളം മേജർ ശസ്ത്രക്രിയകളും ഇവിടെ ചെയ്തിട്ടുണ്ട്.

ഡോ .ജേക്കബ് കെ. എം.,

ഡെപ്യൂട്ടി ഡയറക്ടർ