p

തിരുവനന്തപുരം: ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങൾക്കായി 14 ജില്ലകളിലും ഇന്നും നാളെയുമായി ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. മൊബൈൽ ആപ്പ്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, ഐ.ഒ.ടി ഉപകരണങ്ങൾ, ത്രിഡി ക്യാരക്ടർ മോഡലിംഗ് തുടങ്ങിയ നൂതനസാങ്കേതിക വിദ്യയിലെ പരിശീലനമാണ് നൽകുന്നത്. സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്ത 14,000 പേരിൽ പ്രോഗ്രാമിംഗ്, ത്രി ഡി അനിമേഷൻ വിഭാഗങ്ങളിൽനിന്നും തിരഞ്ഞെടുത്ത 1100 കുട്ടികളാണ് പങ്കെടുക്കുന്നത്.

ത്രിഡി ക്യാരക്ടർ മോഡലിംഗ്, ക്യാരക്ടർ റിഗ്ഗിംഗ്, ത്രീഡി ക്യാരക്ടർ അനിമേഷൻ എന്നിവയാണ് പരിശീലനത്തിലുള്ളത്. കുട്ടികൾ തന്നെ ക്യാരക്ടർ ഡിസൈൻ ചെയ്ത് അനിമേഷൻ തയാറാക്കും.

തിരുവനന്തപുരത്തെ ക്യാമ്പായ കോട്ടൺഹിൽ സ്കൂളിൽ ഞായർ വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടി സന്ദർശനം നടത്തും. എല്ലാ ക്യാമ്പ് അംഗങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെ സംവദിക്കും.

വിദ്യാർത്ഥികൾ തയാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം നാളെ വൈകിട്ട് 3ന് അതത് ജില്ലാ ക്യാമ്പുകളിൽ നടക്കും. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ www.kite.kerala.gov.inൽ.