തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട ഇടതുസർക്കാരിന്റെ പദ്ധതികൾ അർഹ‌രിലേക്ക് എത്തുന്നില്ലെന്നതിന്റെ തെളിവാണ് നഗരസഭയിലെ പട്ടികജാതി ഓഫീസിൽ നിന്ന് പുറത്തുവരുന്ന അഴിമതിക്കഥകൾ.

തട്ടിപ്പുകൾ തുടർക്കഥയായിട്ടും പേരിനുപോലും പരിശോധിക്കാൻ പട്ടികജാതി വകുപ്പ് തയ്യാറായിട്ടില്ല.

ഒടുവിൽ നടന്ന വ്യാജ ജാതി സർട്ടിഫിക്കറ്റ് അഴിമതി സംഭവത്തിലും വകുപ്പോ നഗരസഭയോ ഒരു വിശദീകരണം പോലും ഓഫീസിലെ ബന്ധപ്പെട്ടവരിൽ നിന്ന് ഇതുവരെ തേടിയിട്ടില്ല. തട്ടിപ്പുകൾ കണ്ടെത്തുമ്പോൾ വകുപ്പും നഗരസഭയും കർശന നടപടിയെടുക്കാത്തതാണ് വീണ്ടും ആവർത്തിക്കാൻ കാരണമെന്നാണ് ആക്ഷേപം. വിവാഹധനസഹായ തട്ടിപ്പ്, പഠനമുറി, ഭൂരഹിത പുനരധിവാസം, വെള്ളപ്പൊക്ക ധനസഹായം, ചികിത്സാ സഹായം,​വ്യാജ ജാതി സർട്ടിഫിക്കറ്റ് നിർമ്മാണം എന്നിവയിലാണ് പ്രധാന തട്ടിപ്പുകൾ.

അനുവദിക്കുന്ന ഫണ്ട് അർഹരായവരുടെ കൈകളിൽ തന്നെയാണോ എത്തുന്നതെന്നുള്ള പരിശോധന ഫലപ്രദമാകാത്തതാണ് തട്ടിപ്പുകൾ വ്യാപകമാകുന്നതിനുള്ള പ്രധാന കാരണം. ഇതുവരെ അഞ്ചുകോടി രൂപയോളം തട്ടിപ്പ് നഗരസഭ പട്ടികജാതി ഓഫീസിൽ മാത്രം നടന്നിട്ടുണ്ട്.

പല വഴിയിലും തട്ടിപ്പ്

 പട്ടികജാതി വിഭാഗക്കാർക്കായി നഗരസഭയും പട്ടികജാതി വകുപ്പും പ്രത്യേകം ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. കൗൺസിലർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഫണ്ട് അനുവദിക്കുന്നത്. എന്നാൽ വകുപ്പ് നേരിട്ട് നൽകുന്ന ഫണ്ട് നഗരസഭയാണ് വിതരണം ചെയ്യുന്നതെങ്കിലും കൗൺസിലർമാർ പലപ്പോഴും ഇക്കാര്യം അറിയാറില്ല. എസ്.എസി പ്രൊമോട്ടർമാരാണ് ഗുണഭോക്താക്കളെ കണ്ടെത്തി ആനുകൂല്യം നൽകുന്നത്. പ്രൊമോട്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മാത്രമാണ് ഇതേക്കുറിച്ച് അറിയുന്നത്. ഇക്കാര്യം മറയാക്കിയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരുന്നത്.

 ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കുന്ന ബിംസ് സോഫ്റ്റ്‌വെയറിൽ ഗുണഭോക്താക്കളുടെ അക്കൗണ്ട് നമ്പർ മാത്രമാണ് രേഖപ്പെടുത്തുന്നത്. ലിസ്റ്റിൽ പറയുന്ന ഗുണഭോക്താവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണോ പണം പോകുന്നതെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാറില്ലെന്ന കാര്യം മറയാക്കിയാണ് തട്ടിപ്പ് കൂടുതലായി നടക്കുന്നതെന്നാണ് ആരോപണം.

 പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമായി നഗരസഭ വഴി ചെലവഴിക്കുന്ന ഷെഡ്യൂൾ കാസ്റ്റ് പ്രമോഷൻ (എസ്.സി.പി) ഫണ്ടുകൾക്കും അനുബന്ധ കാര്യങ്ങൾക്കും നിരീക്ഷണസമിതി വേണമന്ന് ചട്ടമുണ്ട്. നഗരസഭ കൗൺസിൽ അധികാരത്തിലെത്തുമ്പോൾത്തന്നെ രൂപീകരിക്കണമെങ്കിലും ഇതുവരെ നിരീക്ഷണസമിതി രൂപീകരിച്ചിട്ടില്ല.

തട്ടിപ്പ് തടയാൻ

 ജനകീയാസൂത്രണ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി പട്ടികജാതി ആനുകൂല്യം നൽകുന്നതിലും ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. വാർഡുസഭ വഴി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക, ഗുണഭോക്താക്കൾക്കുള്ള ഫണ്ടുകൾ കൗൺസിൽ വഴി പാസാക്കുക എന്നീ നിർദ്ദേശങ്ങളാണ് നഗരസഭ പട്ടികജാതി ഓഫീസർക്ക് നൽകിയിരിക്കുന്നത്. പട്ടികജാതി ഫണ്ടുകൾ അനർഹരുടെ കൈകളിലെത്തുന്നത് ഇതുവഴി തടയാനാകുമെന്നാണ് പ്രതീക്ഷ.

തദ്ദേശവകുപ്പും പട്ടികജാതി വകുപ്പും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് ഏകീകരിക്കണമെന്ന് 2016ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നഗരസഭയിൽ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. അത്തരത്തിൽ ഏകീകരണമുണ്ടായാൽ ലിസ്റ്റ് സുതാര്യമാകും.

വകുപ്പിന്റെയും നഗരസഭയുടെയും പ്രത്യേക പരിശോധന ഇടവേളകളിൽ ഉണ്ടാകണം.

ആരും പരാതി പറയുന്നില്ല

തങ്ങൾക്ക് ആനുകൂല്യം ലഭിച്ചില്ലെന്ന് പലരും പരാതി പറയാത്തതും തട്ടിപ്പിന് വളമാകുന്നുണ്ട്. ആനുകൂല്യത്തിന് അർഹരാകാത്തതുകൊണ്ടാണ് പലർക്കും ലഭിക്കാത്തതെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാൽ ആനുകൂല്യം ലഭിച്ചവർക്കും അതേ ആനുകൂല്യം വീണ്ടും അനുവദിച്ച് തട്ടിപ്പ് നടത്തുന്നുണ്ട്.