
വെള്ളനാട്:വെള്ളനാട് ഗവ.ആശുപത്രിയിൽ അടൂർ പ്രകാശ്.എം.പിയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ സഹോദരൻമാരായ ജനപ്രതിനിധികൾ തമ്മിലടിച്ചു. ലിഫ്റ്റ് ഉദ്ഘാടനം ചെയ്ത് എം.പി മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു കൈയാങ്കളി. വെള്ളനാട് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ജില്ലാ പഞ്ചായത്തംഗവുമായ വെള്ളനാട് ശശിയും നിലവിലെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠനുമാണ് ഇന്നലെ ഒരേവേദിയിൽ തമ്മിലടിച്ചത്.പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതുമുതൽ ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആശുപത്രി ലിഫ്റ്റ് ഉദ്ഘാടനചടങ്ങിലെ ആശംസ പ്രസംഗത്തിനിടെ കൈയാങ്കളിക്ക് ഇടയാക്കിയത്.ആശംസ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അതിരൂക്ഷമായി വിമർശിച്ച് സംസാരിച്ചു. ഇതിന് പഞ്ചായത്ത് പ്രസിഡന്റ് അതേവേദിയിൽ മറുപടി നൽകി. പ്രസിഡന്റ് സംസാരിക്കുന്നതിനിടെ വെള്ളനാട് ശശി വീണ്ടും സംസാരിക്കാൻ മുതിർന്നു. പഞ്ചായത്ത് പ്രസിഡന്റിനെ അധിക്ഷേപിച്ച് സംസാരം തുടർന്നതോടെ പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മിയും പഞ്ചായത്ത് വൈസ് പ്രസിഡന്റും ശശിയുടെ സഹോദരനുമായ വെള്ളനാട് ശ്രീകണ്ഠനും ഇതിനെ ചോദ്യം ചെയ്തതാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങാൻ ഇടയാക്കിയത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ സഹോദരനായ ശശിയെ മർദ്ദിച്ചു.മർദ്ദനമേറ്റ ശശി വേദിയിൽ വീണു.സംഘർഷം കനത്തതോടെ വേദിയിലുണ്ടായിരുന്നവർ ഇടപെട്ട് രംഗം തണുപ്പിച്ചു.ഇക്കഴിഞ്ഞ ദിവസം വെളിയന്നൂരിലെ ബാംബൂ ഡിപ്പോ ഉദ്ഘാടനവേദിയിലും ഇരുവരും തമ്മിലുള്ള തർക്കം കൈയാങ്കളിയോളം എത്തിയിരുന്നു.
കിടങ്ങുമ്മൽ ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിന് ക്ഷണിച്ചില്ലെന്നാരോപിച്ച് ജില്ലാപഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകം വെള്ളനാട് ശശിതന്നെ ചുറ്റികയ്ക്ക് അടിച്ചു തകർക്കുകയും കെട്ടിടത്തിന് കേടുപാടുണ്ടാക്കുകയും ചെയ്തിരുന്നു.ഇതിന് വെള്ളനാട് ശശിയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്തിരുന്നു.
പൊലീസിൽ പരാതി നൽകി
സ്ത്രീത്വത്തെ അപമാനിച്ചെന്നോരാപിച്ച് വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ആര്യനാട് പൊലീസിൽ പരാതി നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായതുമുതൽ ജില്ലാ പഞ്ചായത്തംഗം പൊതുവേദിയിൽ സ്ഥിരമായി അപമാനിക്കുകയും മോശമായി പെരുമാറുകയാണെന്നും പരാതിയിൽ പറയുന്നു.കോൺഗ്രസ് നേതൃത്വത്തിനും പരാതി നൽകിയതായി പ്രസിഡന്റ് രാജലക്ഷ്മി അറിയിച്ചു.