
തിരുവനന്തപുരം: മികവിൽ തങ്ങളെ വെല്ലാനൊരു കോളേജുമില്ലെന്ന് ആവർത്തിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ്. തുടർച്ചയായ അഞ്ചാം വർഷവും മികച്ച കോളേജുകളുടെ കേന്ദ്ര റാങ്കിംഗിൽ (എൻ.ഐ.ആർ.എഫ്) കേരളത്തിൽ ഒന്നാമതായി. ദേശീയ തലത്തിൽ 24-ാം റാങ്കാണ്. 61.91 ആണ് റാങ്കിംഗ് പോയിന്റ്. പഠനം, പഠനസൗകര്യം,ഗവേഷണം, വിജയശതമാനം എന്നിവയെല്ലാം പരിഗണിച്ചാണ് റാങ്ക് നൽകിയത്.കഴിഞ്ഞ വർഷം ദേശീയ തലത്തിൽ 25-ാം റാങ്കായിരുന്നു. രാജ്യത്തെ വമ്പൻ കോളേജുകളുമായി മത്സരിച്ചാണ് യൂണിവേഴ്സിറ്റി കോളേജിന്റെ അഭിമാന നേട്ടം.ആദ്യ നൂറ് റാങ്കിൽ തിരുവനന്തപുരത്തെ മൂന്ന് കോളേജുകളുണ്ട്. മാർ ഇവാനിയോസിന് 50ഉം വിമെൻസ് കോളേജിന് 53ഉം റാങ്കാണ്.1866ൽ സ്ഥാപിച്ച യൂണിവേഴ്സിറ്റി കോളേജാണ് കേരളത്തിലെ ആദ്യത്തെ കോളേജ്. 18 ബിരുദ കോഴ്സുകൾ, 21 ബിരുദാനന്തര ബിരുദ കോഴ്സുകൾ എന്നിവയ്ക്കു പുറമെ 18 വിഭാഗങ്ങളിൽ ഗവേഷണവും അവയുടെ നിലവാരവും റാങ്കിംഗിന് പരിഗണിച്ചു.3500 വിദ്യാർത്ഥികളാണുള്ളത്. 221 അദ്ധ്യാപകരിൽ 80ലേറെ പേർ റിസർച്ച് ഗൈഡുകളാണ്.അഞ്ച് വർഷത്തിനിടെ കോളേജിൽ നിന്നു പുറത്തുവന്നത് 650ലേറെ ഗവേഷണ പ്രബന്ധങ്ങളാണ്. സർവകലാശാല പരീക്ഷകളിൽ എല്ലാ വർഷവും 30 റാങ്കുകളെങ്കിലും കോളേജിലെത്തുന്നു. വിവിധ മേഖലകളിലെ 26 ക്ലബുകൾ കോളേജിൽ പ്രവർത്തിക്കുന്നു. നൂറോളം കുട്ടികൾക്ക് ബിരുദ പഠനത്തിനു ശേഷം പ്ലേസ്‌മെന്റ് ലഭിക്കുന്നു.
കായിക ഇനങ്ങളുമായി ബന്ധപ്പെട്ട് 50ലേറെ ടീമുകളുണ്ട്.നിരവധി സംസ്ഥാന, ദേശീയ താരങ്ങൾ ഇവിടെ പഠിക്കുന്നു.നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡുണ്ട്. യൂണവേഴ്സിറ്റി കോളേജിനെ പൈതൃക മന്ദിരമായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്രീകൃത ലൈബ്രറിക്ക് 9.35 കോടി രൂപ സഹായം അനുവദിച്ചിട്ടുണ്ട്.ഗവേഷണത്തിന് ഉപകരണങ്ങൾ വാങ്ങാൻ 1.10 കോടിയാണ് അനുവദിച്ചത്.കോളേജിന്റെ വികസനത്തിന് കിഫ്ബിയിൽ നിന്ന് 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
റാങ്കടിച്ചത് ഇങ്ങനെ
2018
റാങ്ക്-18, സ്കോർ-57.51
2019
റാങ്ക്-23, സ്കോർ- 59.37
2020
റാങ്ക്-23, സ്കോർ- 61.08
2021
റാങ്ക്-25, സ്കോർ- 59.58
2022
റാങ്ക്-24, സ്കോർ- 61.91