തിരുവനന്തപുരം:സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പൽ,കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷൻ പുരസ്‌കാരം നൽകുമെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് തല ജാഗ്രതാ സമിതി പരിശീലനം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കോർപ്പറേഷന്റെ നൂറ് വാർഡുകളിലും ജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും ഒരു വാർഡിൽ രണ്ട് വീതം പരാതിപ്പെട്ടികൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ധ്യക്ഷത വഹിച്ച മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.ഡെപ്യൂട്ടി മേയർ പി.കെ.രാജു ,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി. ജമീലാ ശ്രീധരൻ, ഡി.ആർ.അനിൽ,എസ്.സലീം ജിഷാജോൺ, സിന്ധു വിജയൻ,പ്രൊജക്ട് ഓഫീസർ എൻ.ദിവ്യ, നഗരസഭാ കക്ഷി നേതാക്കളായ എം.ആർ.ഗോപൻ, പി.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ജാഗ്രതാ സമിതി അംഗങ്ങൾക്ക് കേരള വനിതാ കമ്മിഷൻ മുൻ ലാ ഓഫീസർ അഡ്വ. പി.ഗിരിജ ക്ലാസെടുത്തു.