തിരുവനന്തപുരം: ഓണം ബമ്പർ അടിച്ചെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൊടുക്കാമായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു. ഒന്നാം സമ്മാനം 25 കോടിയുള്ള തിരുവോണം ബമ്പർ കേരള ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു അദ്ധ്യക്ഷനായിരുന്ന മന്ത്രിയുടെ ആത്മഗതം. ചടങ്ങിലേക്ക് സ്വാഗതം ചെയ്തപ്പോൾ ഉപഹാരമായി പുസ്തകത്തിന് പകരം ലോട്ടറിയായിരുന്നെങ്കിൽ ഒരു സമ്മാനത്തിന് സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം പറഞ്ഞപ്പോൾ 'ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതിനാൽ പുസ്തകം മതിയെന്ന് തീരുമാനിച്ചു' എന്നായിരുന്നു മറുപടിയെന്നും ആന്റണി രാജു പറഞ്ഞു.