
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോ ഓപ്പറേറ്റിംഗ് സെന്റർ ഓഫീസിലെ സാധനസാമഗ്രികൾ നെടുമങ്ങാട് കൊണ്ടുപോയി.
ഇനി ഒരു ഓഫീസ് സൂപ്രണ്ടും, രണ്ട് ക്ലർക്കും മാത്രമാകും കാട്ടാക്കടയിലുണ്ടാവുക. ഇതിന് മുന്നോടിയായി 40- ലേറെ പേരുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരിൽ 12 പേരൊഴിച്ച് ബാക്കിയുള്ളവരെ പാപ്പനംകോട്, പാറശാല ഡിപ്പോകളിലേക്ക് മാറ്റി. ജീവനക്കാരുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങളെല്ലാം നെടുമങ്ങാട് നോർത്ത് ജില്ലാ ഓഫീസിൽ നിന്നാകും ഇനി കൈകാര്യം ചെയ്യുക.
നിലവിൽ 50 ഷെഡ്യൂളുകളാണ് കാട്ടാക്കട നിന്നും നടത്തുന്നത്. 10 ഫാസ്റ്റ്, രണ്ട് സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ ദീർഘദൂര- സിറ്റി ഷട്ടിൽ സർവീസുകളും ഇതിൽ ഉൾപ്പെടും. കൊവിഡിന് മുൻപ് 65 ഷെഡ്യൂൾ നടത്തിയിരുന്ന ഡിപ്പോയിൽ കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കുറച്ച സർവീസുകൾ ഇനിയും പൂർണമായും ഓടിത്തുടങ്ങിയിട്ടില്ല. ജില്ലയിൽ സ്ഥലസൗകര്യവും വലിയ വർക്ക് ഷോപ്പുമാണ് കാട്ടാക്കടയിലേത്. പുതിയ സംവിധാനം വരുമ്പോൾ ബസുകളുടെ അറ്റകുറ്റപ്പണിക്കായി പാറശാല ഡിപ്പോയിൽ ബസ് എത്തിക്കണം. കാട്ടാക്കട ഡിപ്പോയിൽ കൂടുതൽ വികസനം വേണമെന്ന ആവശ്യം നിലനിൽക്കുമ്പോഴാണ് ഡിപ്പോ ഓപ്പറേറ്റിംഗ് സെന്റർ മാത്രമായി മാറുന്നത്.