a

തിരുവനന്തപുരം: നഗരസഭ കെട്ടിട നമ്പർ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഫോർട്ട് മേഖല ഓഫീസിലെ ബീനാ കുമാരി, കടകംപള്ളി മേഖല ഓഫീസിലെ സന്ധ്യ എന്നീ രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റമാരുടെയും ഇടനിലക്കാരായ കാഞ്ഞിരംകുളം സ്വദേശി ഷെക്സിൻ (ലാലു),​ വലിയതുറ സ്വദേശി ക്രിസ്റ്റഫർ എന്നിവരുടെ ജാമ്യാപേക്ഷയുമാണ് വഞ്ചിയൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.

കെട്ടിടയുടമയായ അജയഘോഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒളിവിൽ പോയ അ‌ജയഘോഷ് മുൻകൂർ ജാമ്യത്തിനായി വഞ്ചിയൂർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇയാളുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

ഇന്നലെത്തന്നെ മ്യൂസിയം പൊലീസ് തുടരന്വേഷണത്തിനായി കേസ് ഏറ്റെടുത്തു. കെട്ടിട നമ്പറിനായി ഒന്നരവർഷമായി അജയഘോഷ് കോർപറേഷനിൽ കയറിയിറങ്ങുകയായിരുന്നു. ഇതിനിടയിലാണ് അജയഘോഷിന്റെ സുഹൃത്തായ റിട്ട. എസ്.ഐ വഴി ഇടനിലക്കാരൻ ക്രിസ്റ്റഫറിനെ പരിചയപ്പെടുന്നത്. 30,000 രൂപയാണ് അഡ്വാൻസായി അജയഘോഷ് നൽകിയത്. കഴിഞ്ഞ ഫെബ്രുവരി വരെ സിന്ധുവും ബീനാകുമാരിയും കോർപറേഷൻ ആസ്ഥാനത്തായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീടാണ് ഇവരെ കടകംപ്പള്ളി,​ ഫോർട്ട് എന്നീ സോണലുകളിലേക്ക് മാറ്റിയത്. എന്നിരുന്നാലും ഉന്നത ഉദ്യോഗസ്ഥരുടെ ഐ.ഡിയും പാസ്‌വേഡും ഇവർക്ക് പരിചയമായിരുന്നു.

ജനുവരി 28ന് രാവിലെ മറ്റു ജീവനക്കാർ എത്തുന്നതിന് മുൻപ് തന്നെ ബീനയും സന്ധ്യയും കോർപ്പറേഷനിലെത്തി റവന്യു ഇൻസ്പെക്ടറുടെയും റവന്യൂ ഓഫീസറുടെയും ഡിജിറ്റൽ ഒപ്പ് സൂക്ഷിച്ചിരുന്ന ഡോങ്കിൾ കൈക്കലാക്കി.തുടർന്നാണ് ഇവർ അനധികൃതമായി കെട്ടിട നമ്പർ അനുവദിച്ചത്. 30,​000 രൂപയിൽ നിന്ന് 5000, 3000 രൂപ വീതമാണ് ബീനയ്ക്കും സന്ധ്യയ്ക്കും ഇതിന് പാരിതോഷികമായി ലഭിച്ചത്.

റിമാൻഡിൽ കഴിയുന്ന പ്രതികളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി നഗരസഭയിൽ എത്തിക്കും.

ഒളിവിൽ പോയ അജയഘോഷിനെ കണ്ടെത്താൻ സാധിക്കാത്തതിൽ പൊലീസിന് വിമർശനമുണ്ട്. കേശവദാസപുരം വാർഡിൽ ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടത്തിന് ടിസി നമ്പർ നൽകിയ മാതൃകയിൽ കുന്നുകുഴി വാർഡിൽ 12 കെട്ടിടങ്ങൾക്കും നമ്പർ തരപ്പെടുത്തിയതായി കോർപറേഷന്റെ അന്വേഷണത്തിൽ കണ്ടെത്തി. മറ്റു വാർഡുകളിലും സമാന തട്ടിപ്പുണ്ടോയെന്ന അന്വേഷണവും വരും ദിവസങ്ങളിൽ നടക്കും.