
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പൊങ്കാല മാർച്ച് 7 ന് നടക്കും. കൊവിഡ് ഭീതി മാറിയ സാഹചര്യത്തിൽ ഉത്സവം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ട്രസ്റ്റ്. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വർഷം വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പൊങ്കാല മുമ്പത്തെപ്പോലെ പൊതുസ്ഥലങ്ങളിലുൾപ്പെടെ നടത്താനുള്ള ആലോചനകൾ പുരോഗമിക്കുകയാണ്.
ഉത്സവം ഫെബ്രുവരി 27നാണ് ആരംഭിക്കുന്നത്. അന്ന് പുലർച്ചെ 4.30ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. മാർച്ച് ഒന്നിന് രാവിലെ 9.20 ന് കുത്തിയോട്ട വ്രതാരംഭം. മാർച്ച് 7 ന് രാവിലെ 10.30 ന് പൊങ്കാലയ്ക്ക് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം. അന്നു രാത്രി 7.45ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ പുറത്തെഴുന്നള്ളത്ത്. 8ന് രാത്രി 9.15ന് ദേവിയുടെ കാപ്പഴിച്ച് കുടിയിളക്കും. പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. 12 വയസിൽ താഴെയുള്ള ബാലൻമാർക്ക് കുത്തിയോട്ട വ്രതത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ചിങ്ങ മാസത്തിൽ ആരംഭിക്കും.