
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് തൻഡ്രാം പൊയ്കയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കിഷോറിനെ (35) 210 കിലോ കഞ്ചാവുമായി വീട്ടിൽ നിന്നു പിടികൂടി. എസ്. പി ദിവ്യാ ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ആന്റി നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. ടി റാസിതിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു,വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ സൈജു നാഥ് തുടങ്ങിയവരടങ്ങിയ പൊലീസ് സംഘം വെള്ളിയാഴ്ച രാത്രി 10.30 ന് നടത്തിയ പരിശോധയിൽ മുറിയിൽ 33 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കൂടാതെ 67,000 രൂപയും, ചില്ലറ വിപണത്തിനായി പ്ലാസ്റ്റിക് പായ്ക്കറ്റുകളും, ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. കഞ്ചാവ് എത്തിച്ചത് എവിടെ നിന്നാണെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.