p

തിരുവനന്തപുരം:സാധുക്കൾക്കായി സി. അച്യുതമേനോൻ സർക്കാർ നടപ്പാക്കിയ ലക്ഷം വീട് പദ്ധതിയിൽ നിർമ്മിച്ച 5000 ഇരട്ട വീടുകൾ അഞ്ച് വർഷം കൊണ്ട് ഒറ്റ വീടുകളാക്കും. പതിന്നാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി 250 കോടി രൂപയാണ് ചെലവഴിക്കുക.കോളനികളിൽ താമസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാവും ഒറ്റവീട് ആനുകൂല്യം.

നടപ്പു സാമ്പത്തികവർഷം തുടക്കമിടുന്ന പദ്ധതിക്ക് പ്ളാൻ ഫണ്ടിൽ അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലക്ഷം വീട് പദ്ധതി അര നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമാണിത്.

ഓരോ വർഷവും 1000 വീടുകൾക്ക് 50 കോടി രൂപ വീതം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണ ബോർഡിന് അനുവദിക്കും. ഇതിൽ 30 കോടി സബ്സിഡിയും 20 കോടി വോളന്റിയർ / പഞ്ചായത്ത്/ ബെനിഫിഷ്യറി ഇനത്തിലുമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ ദാരിദ്ര്യ ലഘൂകരണ വർക്കിംഗ് ഗ്രൂപ്പിന്റെ സഹായത്തോടെ ലക്ഷംവീട് കോളനികളിലെ വീടുകൾ വിലയിരുത്തും. .

ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിലും വാർഡ് തലത്തിലും രൂപീകരിക്കുന്ന പ്രോഗ്രാം മാനേജ്മെന്റ് കമ്മിറ്റികൾക്കാവും നടത്തിപ്പ് ചുമതല.തൃശൂർ, എറണാകുളം ജില്ലകളിൽ 500 വീതവും മറ്റ് ഏഴു ജില്ലകളിൽ 400 വീതവും മൂന്ന് ജില്ലകളിൽ 200 വീതവും രണ്ട് ജില്ലകളിൽ 300 വീതവും വീടുകൾ നിർമ്മിക്കും.

അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, ഭവന നിർമ്മാണ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന എം.എൻ. ഗോവിന്ദൻ നായരാണ് ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർക്കായി 1972 മേയ് 14നാണ് പദ്ധതി തുടങ്ങിയത്. 90,208 വീടുകളാണ് പദ്ധതിയിൽ നിർമ്മിച്ചത്.

240 ചതുരശ്ര അടി വിസ്തീർണമുള്ള ഒറ്റ മേൽക്കൂരയുള്ള വീട്ടിൽ രണ്ട് കുടുംബങ്ങൾ കഴിയുന്ന ഇരട്ടവീടുകളാണ് നിർമ്മിച്ചത്. ഭിത്തികൊണ്ട് രണ്ടുവീടുകളും വേർതിരിച്ചിരുന്നു. ഓരോ കുടുംബത്തിനും രണ്ട് മുറികളും ഒരു അടുക്കളയും ഒരു കക്കൂസ് കുഴിയും ഉണ്ടായിരുന്നു. കോളനി മാതൃകയിൽ നിർമ്മിച്ച പല വീടുകളും പിൽക്കാലത്ത് ജീർണിച്ച് വാസയോഗ്യമല്ലാതായി. കുറെയെണ്ണം പുനർനിർമ്മിച്ചു.

5000

അഞ്ച് വർഷം കൊണ്ട് നിർമ്മിക്കുന്ന ഒറ്രവീടുകൾ

250 കോടി

ആകെ നിർമാണ ചെലവ്

1000

ഒരു വർഷം പൂർത്തിയാക്കുന്ന വീടുകൾ

40 - 50 ചതുരശ്ര മീറ്റർ

ഒരുവീടിന്റെ വിസ്തീർണ്ണം