വർക്കല: ക്ഷീര കർഷകർക്ക് പുതിയസംരംഭങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ സംവിധാനങ്ങളിലെ വിവിധ നിയമങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.

പുതിയ സംരംഭകരെ സർക്കാർ ക്ഷണിക്കുമ്പോഴും മൃഗസംരക്ഷണ മേഖലയിൽ ‘തൊഴുത്ത്’ നിർമ്മിക്കുന്നത് മുതൽ സാങ്കേതികത്വങ്ങളുടെ പേരിൽ തടസങ്ങൾ ഉണ്ടാകുന്നതായാണ് സംരംഭകരുടെ പരാതി. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും കാലങ്ങളായുള്ള നിബന്ധനകൾ മാറ്റാത്തതും പുതിയ സംരംഭകർക്ക് തിരിച്ചടിയാകുന്നു.

15 കോഴികളെ വളർത്താൻ 30 ചതുരശ്ര അടി മതിയെന്നാണു ശാസ്ത്രീയപഠനമെങ്കിലും ലൈസൻസ് നിയമപ്രകാരം ഒരു സെന്റ് എങ്കിലും വേണം. എല്ലാതരം മൃഗങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം നിലനിൽക്കുകയാണ്. മലിനീകരണ നിയന്ത്ര ബോർഡിന്റെ വിവിധ ചട്ടങ്ങിൽ പച്ച, ഓറഞ്ച് നിറമുള്ള വ്യവസായങ്ങളുടെ പരിധിയിലും ഫാമുകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും പരാതി നൽകിയാൽ തദ്ദേശസ്വയംഭരണം, ആരോഗ്യം, പൊലീസ് തുടങ്ങി വിവിധ വകുപ്പുകൾക്ക് കേസെടുത്ത് അടച്ചുപൂട്ടാൻ കഴിയാവുന്ന ഒട്ടേറെ വകുപ്പുകളും ഇതിലുൾപ്പെടും.

കൊവിഡ് മൂലം വിദേശത്തെ ജോലി നഷ്ടമായി നാട്ടിലെത്തി പശുക്കളെയും കോഴികളെയും വളർത്തി വരുമാനം നേടാൻ ശ്രമിക്കുന്ന പലരും നിബന്ധനകളിൽ മാറ്റം വരുത്താത്തതുമൂലം പ്രതിസന്ധിയിലാണ്. വ്യവസായ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ മൃഗസംരക്ഷണ മേഖലയിൽക്കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്.

കർഷകരെ വലച്ച് കെട്ടിട നിയമം

മൃഗസംരക്ഷണ മേഖലയിൽ ഫാമുകളുടെ കെട്ടിട നിർമാണ നിയമം ഭേദഗതി ചെയ്തെങ്കിലും അതനുസരിച്ച് പഞ്ചായത്ത് രാജ് (ലൈവ് സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ – 2012) നിയമത്തിലെ ഫാം ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതാണ് നിലവിൽ നേരിടുന്ന വലിയ പ്രതിസന്ധി. 2020ൽ പുതുക്കിയ കെട്ടിട നിർമാണ ചട്ടം അനുസരിച്ച് 20 കന്നുകാലികൾ, 50 ആടുകൾ, 1000 കോഴികൾ എന്നിവ വളർത്തുന്നവർക്ക് പഞ്ചായത്തിൽ നിന്നുള്ള കെട്ടിടനിർമാണ അനുമതി ആവശ്യമില്ല. അതേസമയം, 5 പശുക്കൾ, 5 പന്നികൾ, 20 ആടുകൾ, 25 മുയലുകൾ, 100 കോഴികൾ എന്നിവയിലധികം മൃഗങ്ങളെ വളർത്തണമെങ്കിൽ തദ്ദേശസ്ഥാപനത്തിന്റെ ഫാം ലൈസൻസ് നിർബന്ധമാണുതാനും. ലൈസൻസ് ലഭിക്കണമെങ്കിൽ കെട്ടിടത്തിന് നമ്പർ നിർബന്ധമാണെന്നിരിക്കെ 5 പശുക്കളുള്ളവരും കെട്ടിട നിർമാണാനുമതി എടുക്കേണ്ടിവരും. ഫലത്തിൽ കെട്ടിടനിർമ്മാണ നിയമത്തിൽ ഭേദഗതി ചെയ്തെങ്കിലും അതിന്റെ നേട്ടം സംരംഭകർക്കു ലഭിക്കുന്നില്ല.

കർഷകരുടെ ആവശ്യം

ബയോ വേസ്റ്റ് നിർമ്മാർജ്ജനത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ സഹായം നൽകുന്നതിനും നടപടി വേണം, ചാണക സംസ്കരണത്തിലൂടെ ലഭിക്കുന്ന ഉത്പന്നം കൃഷിവകുപ്പ് വഴി വിപണനം നടത്തുന്നതിന് നടപടി വേണം, മൃഗങ്ങളെ വളർത്തുന്നതിന് മതിയായ കെട്ടിടം നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.