
തിരുവനന്തപുരം: ഉൾനാടൻ മത്സ്യ ഉത്പാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ സ്ഥാപിക്കാനാണ് ആലോചന. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 30 മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളാണ് ഉദ്ദേശിക്കുന്നത്. ഉൾനാടൻ മത്സ്യങ്ങളെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഒഫ് അക്വാകൾച്ചർ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വില്പന നടത്തും. ഉൾനാടൻ മേഖലയിൽ മത്സ്യക്കൃഷിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു കേന്ദ്രീകൃത വിപണന സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാക്കുമായി സഹകരിച്ച് മാർക്കറ്റിംഗ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നത്. കർഷകരിൽ നിന്ന് നിശ്ചിത തുക നൽകി വാങ്ങുന്ന മത്സ്യങ്ങൾക്കൊപ്പം അഡാക്കിന്റെ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങളും മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളിൽ വിൽക്കും. ലൈവ് ഫിഷ് മാർക്കറ്റിംഗ് യൂണിറ്റ്, ഫ്രഷ് ഫിഷ് സെയിൽ തുടങ്ങിയവ ഔട്ട്ലെറ്റുകളുടെ ഭാഗമായുണ്ടാകും.