dhanasahayam-kaimarunnu

കല്ലമ്പലം: അകാലത്തിൽ പൊലിഞ്ഞ മകളുടെ ഓർമ്മയ്ക്കായി മകന്റെ വിവാഹ ദിവസം രണ്ട് നിർദ്ധന യുവതികൾക്ക് വിവാഹ ധനസഹായം നൽകി ദമ്പതികൾ. കല്ലമ്പലം മാവിൻമൂട് കൃഷ്ണകൃപയിൽ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായ ഡോ.പി.എസ്. ശ്രീകുമാറും, ഭാര്യ എം.പ്രേമവല്ലിയുമാണ് (കൃഷി വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ) ധനസഹായം നൽകിയത്. ഇവരുടെ മകൻ ഡോ. വിഷ്ണുവിന്റെയും പയ്യന്നൂർ ചൈതന്യയിൽ ജയമോഹനന്റെയും ദീപയുടെയും മകൾ ഡോക്ടർ ഹൃദ്യയും തമ്മിലുള്ള വിവാഹമാണ് പാലച്ചിറ മേവ ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടന്നത്. വിവാഹത്തിന് തൊട്ട് മുൻപ് വേദിയിൽ വച്ച് സത്യസായി ഓർഫനേജ് ട്രസ്റ്റിന് രണ്ട് ലക്ഷം രൂപയും സ്ത്രീ ചിത്ര പൂവർഹോമിലേക്ക് ഒരു ലക്ഷം രൂപയും അഡ്വ. ജോയി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കൈമാറി. 2017ൽ മരിച്ച മകൾ പാർവതിയുടെ ഓർമ്മയ്ക്കാണ് നിർദ്ധന യുവതികളുടെ മംഗല്യത്തിന് വേണ്ടി ധനസഹായം കൈമാറിയതെന്നും മകളുടെ പേരിൽ പാർവതി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് എല്ലാവർഷവും കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും മംഗല്യസഹായം നൽകുമെന്നും ശ്രീകുമാർ പറഞ്ഞു. അടൂർ പ്രകാശ് എം.പി, മുനിസിപ്പൽ ചെയർമാൻ ലാജി തുടങ്ങിയവർ പങ്കെടുത്തു.