ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിൽ ഒരു മാസം നീളുന്ന രാമായണ മാസാചരണ ചടങ്ങുകൾക്ക് ഇന്ന് രാവിലെ 6.15ന് തുടക്കം കുറിക്കും.ക്ഷേത്രസന്നിധിയിലെ സേവാ പന്തലിൽ പ്രത്യേകമായൊരുക്കിയ മണ്ഡപത്തിൽ ക്ഷേത്ര മേൽശാന്തി തോട്ടയ്ക്കാട് കിഴക്കേമഠത്തിൽ കെ.പ്രകാശൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും.മണ്ഡപത്തിൽ എല്ലാ ദിവസവും രാവിലെ 6മുതൽ 8.30വരെയും വൈകിട്ട് 5 മുതൽ 6.15 വരെയും പൂജാവിധികൾക്കു ശേഷം രാമായണ പാരായണം നടക്കും.ആഗസ്റ്റ് 4ന് പുലർച്ചെ മുഖ്യ ക്ഷേത്രാചാര ചടങ്ങായ നിറപുത്തരിയാഘോഷം ക്ഷേത്ര ശ്രീകോവിലിനോടു ചേർന്നുന്ന പൂജാ മണ്ഡപത്തിൽ മുഖ്യ പുരോഹിതൻമാരുടെ കാർമ്മികത്വത്തിൽ അരങ്ങേറും.ആഗസ്റ്റ് 16ന് രാത്രി 7.15ന് നടക്കുന്ന ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കും. തുടർന്ന് ചിങ്ങം ഒന്നിനു വൈകിട്ട് 6ന് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ സർവൈശ്വര്യപൂജ അരങ്ങേറും.രാമായണ പാരായണ വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്രോപദേശക സമിതിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9447126423, 9447044220.