road

വെള്ളനാട്: പ്രധാന ടൂറിസ്റ്റ് കേന്ദ്രവും വെള്ളനാട്- അരുവിക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ വെള്ളനാട്- അരുവിക്കര റോഡ് തകർന്നു. കുളക്കോട് മുതൽ അരുവിക്കര ഡാം വരെയുള്ള റോഡാണ് തകർന്നുകിടക്കുന്നത്. ദിനംപ്രതി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. ഇപ്പോൾ കാൽനടയാത്രയ്ക്ക് പോലും കഴിയാത്തവിധം തകർന്നു.

അരുവിക്കര ഡാമിന് മുന്നിലെ ബലിതർപ്പണകേന്ദ്രത്തിന് മുന്നിൽ റോഡിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വെമ്പന്നൂർ ജംഗ്ഷന് സമീപത്തും മെറ്റലിളകി വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ ഉണ്ടാവുകയാണ്. ശാന്തിനഗർ, ശങ്കരമുഖം എൽ.പി.സ്കൂളിന് സമീപം, കണ്ണേറ്റുനട ജംഗ്ഷൻ, വാളിയറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡ് പൂർണ്ണമായും തകർന്നു. മാസങ്ങൾക്ക് മുൻപ് വെമ്പന്നൂർ വളവിലുള്ള കുഴിയിൽപ്പെട്ട് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ മറിഞ്ഞുവീണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടകരമായ വളവുകളിലെ ടാർ ഇളകിമറി വലിയ കുഴികൾ ഉണ്ടായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിൽ മഴക്കുഴികൾ

റോഡിലെ വലിയ കുഴികൾ കാരണം ഒരു ഓട്ടം വിളിച്ചാൽ പോലും ഓട്ടോറിക്ഷക്കാർ വരാറില്ല. ഈ വഴി ഓട്ടം പോയാൽ പിന്നെ വണ്ടിയുടെ കാര്യം പറയുകയും വേണ്ട. മിക്കയിടങ്ങളിലും റോഡിൽ ഓടകൾ ഇല്ലാത്തതാണ് തകർച്ചയ്ക്ക് ആക്കംകൂട്ടുന്നതെന്നത്. മഴവെള്ളം റോഡിൽതന്നെ കെട്ടിക്കിടന്ന് കുഴികൾ വലുതാകും. ഈ കുഴികളുടെ ആഴം അറിയാതെ വാഹനവുമായി വീഴുന്നവരാണ് അപകടത്തിൽ പെടുന്നതിൽ മിക്യവരും.

കാരണം അമിതഭാരം

വെള്ളനാട് നിന്ന് അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട, കരകുളം, വഴയില, കാച്ചാണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഏളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

പരിഹാരം വേണം

ശക്തമായ മഴപെയ്താൽ റോഡിലെ വലിയ കുഴികളിൽ മഴവെള്ളം നിറയുകയാണ്. ഇത് ദിവസങ്ങൾ കഴിയുമ്പോൾ ചെളിക്കളമായി മാറും. വാഹനങ്ങൾ പോകുമ്പോൾ സമീപത്തെ വീടുകൾക്കുള്ളിലും കച്ചവട സ്ഥാപനത്തിലും ചെളിവെള്ളം തെറിക്കുന്നത് പരിസരവാസികളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.