
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞും അപകടങ്ങൾ ഉണ്ടാകുമെന്നതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതുഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.25 അടി ഉയരത്തിലാണ്. മഴ തുടർന്ന് ജലനിരപ്പ് താങ്ങാവുന്ന ഏറ്റവും ഉയർന്ന 136.60 അടിയിലെത്തുകയാണെങ്കിൽ സ്പിൽവേയിലൂടെ തമിഴ്നാടിന്റെ ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാഹചര്യവും നിലനിൽക്കുന്നു. സമീപവാസികൾ ജാഗ്രത പാലിക്കണം.