vm-sudheeran

തിരുവനന്തപുരം: കോൺഗ്രസ് സ്വയംതിരുത്തലിന് വിധേയമാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കൗമുദി ബാലകൃഷ്‌ണന്റെ 38ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.ബാലകൃഷ്‌‌ണൻ സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്തെ സാമ്പത്തിക നയങ്ങളിലേക്കും മതേതര മൂല്യങ്ങളിലേക്കും കോൺഗ്രസ് മടങ്ങിപ്പോകണം. ഇന്നത്തെ രാഷ്‌ട്രീയം ഞാൻ ആഗ്രഹിക്കുന്ന തലത്തിലല്ലാത്തതിനാലാണ് മാറിനിൽക്കുന്നത്. എന്നാൽ കെ.ബാലകൃഷ്‌ണന്റെ അനുസ്‌മരണ വേദിയിൽ ഇതൊക്കെ പറയാൻ നിർബന്ധിതനാവുകയാണ്. പാർട്ടികൾ സ്വയം തിരുത്തിയില്ലെങ്കിൽ ജനം തിരുത്തും. നിയമസഭയ്‌ക്കകത്തും പുറത്തും രാഷ്‌ട്രീയത്തിന്റെ സഭ്യത ചോർന്നു. കെ.കെ. രമയെ അധിക്ഷേപിച്ച എം.എം മണിയെ പിന്താങ്ങിയെ മുഖ്യമന്ത്രിയുടെ നടപടി സി.പി.എമ്മിന്റെ വിലയിടിവാണ് സൂചിപ്പിക്കുന്നത്. പാർലമെന്റിനെ മംഗളപത്രം വായിക്കാനുളള വേദിയാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്- സുധീരൻ പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിലെ തന്റേടിയായ നേതാവായിരുന്നു കെ.ബാലകൃഷ്‌ണനെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌‌ത മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.വിജയകുമാർ പറഞ്ഞു. ഇ.എം.എസിനോട് പോലും അദ്ദേഹം രാഷ്‌ട്രീയമായി ഏറ്റുമുട്ടി. കൗമുദിയെ കാലത്തിന്റെ സാംസ്‌കാരിക മുഖമാക്കി മാറ്റിയത് ബാലകൃഷ്‌ണനാണ്. അദ്ദേഹത്തിന്റെ കക്ഷിരാഷ്‌ട്രീയം കൗമുദിയിൽ ഒരിക്കലും സ്ഥാനം പിടിച്ചിരുന്നില്ല. കെ.ബാലകൃഷ്‌‌ണന്റെ പേരിൽ പഠനഗവേഷണ കേന്ദ്രം ആരംഭിക്കണമെന്നും വിജയകുമാർ ആവശ്യപ്പെട്ടു. ചടങ്ങിൽ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന ഡോ.ഡി.മീനയെ വി.എം സുധീരനും എം.വിജയകുമാറും പൊന്നാടയണിയിച്ചു. സ്‌മാരക സമിതി വൈസ്‌പ്രസിഡന്റ് കെ.ആർ. സുഗുണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ജി സുരേഷ്ബാബു,ഡി.കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.