തിരുവനന്തപുരം: സമഗ്ര വികസനത്തിന് സ്ത്രീകളുടെ കർമ്മശേഷി കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.പള്ളിച്ചൽ പഞ്ചായത്തിലെ സൻസദ് ആദർശ് ഗ്രാമ യോജന (സാഗി), എം.പി ലാഡ്സ് എന്നീ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്തിലെ ആറ് ഭിന്നശേഷിക്കാരെ എം.പി വികസന ഫണ്ടിൽ ഉൾപ്പെടുത്തി മുച്ചക്ര വാഹനവിതരണവും നടത്തി. 94 പദ്ധതികളാണ് സാഗിയിൽ ഉൾപ്പെടുന്നത്.പള്ളിച്ചൽ ഗ്രാമപഞ്ചായത്തിനെ ഭൗമ വിവര പഞ്ചായത്തായി ഐ.ബി.സതീഷ് എം.എൽ.എ പ്രഖ്യാപിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അദ്ധ്യക്ഷയായ ചടങ്ങിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.