d

തിരുവനന്തപുരം :ശിലായുഗത്തിൽ ആദിമ മനുഷ്യൻ ഗുഹകളിൽ കോറിയിട്ട സന്ദേശങ്ങൾ മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ കേരളീയ ജീവിതത്തിന്റെ പരിച്ഛേദം വരെ അനന്തപുരിയിൽ കാണാം. ഈ ചരിത്ര പൈതൃകങ്ങൾ നേരിട്ടുകാണാൻ ആഗ്രഹമുള്ളവർക്ക് തിരുവനന്തപുരം കോർപ്പറേഷൻ മന്ദിരത്തിനടുത്തുള്ള കേരള ചരിത്ര പൈതൃക മ്യൂസിയത്തിലേക്ക് വരാം. മൃഗശാല - മ്യൂസിയം എന്നിവയുടെ പ്രവേശ കവാടത്തിന് എതിർവശത്തുള്ള ടൂറിസം ഡയറക്ടറേറ്റ് വളപ്പിലെ ഇരുനില മന്ദിരത്തിലാണ് ചരിത്രങ്ങൾ ഓർമ്മപ്പെടുത്തുന്ന മ്യൂസിയം പ്രവർത്തിക്കുന്നത്. പലയിടങ്ങളിൽ നിന്നായി ആർക്കിയോളജിക്കൽ സർവേ വകുപ്പധികൃതർ കണ്ടെത്തിയതും പരമ്പരാഗത മാതൃകയിൽ കലാകാരന്മാർ തയ്യാറാക്കിയെടുത്തതുമായ കാഴ്ചകൾ സന്ദർശകരെ പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രദർശനം.ടിക്കറ്റ് നിരക്ക് കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 20 രൂപയുമാണ്.

ശിലാരേഖയും നന്നങ്ങാടിയും

ശിലയെഴുത്തുകളാണ് ആദ്യം സ്വാഗതം ചെയ്യുന്നത്.തെക്കൻ ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയ എടയ്ക്കൽ ഗുഹയിലെ ശിലാരേഖ ഒരു അദ്ഭുതമാണ്. ഫൈബറിലാണ് നിർമ്മിച്ചതെങ്കിലും കാഴ്ചയിൽ ശിലാലിഖിതമെന്നേ തോന്നൂ.പണ്ടു കാലത്തുള്ളവർ ബന്ധുക്കളുടെ ശവശരീരങ്ങൾ ദഹിപ്പിച്ചശേഷം ചാരവും ആഭരണങ്ങളുമെല്ലാം ഇട്ട് മണ്ണിൽ കുഴിച്ചിടുന്ന നന്നങ്ങാടികളും ഇവിടെയുണ്ട്.ഇവ കുഴിച്ചിട്ടശേഷം തിരിച്ചറിയാനായി അവയുടെ പുറത്ത് സ്ഥാപിച്ചിരുന്ന തൊപ്പിക്കല്ല് പോലുള്ള ശിലകളും കൊല്ലം മങ്ങാട്ട് നിന്നാണ് കിട്ടിയത്. ഇവയെല്ലാം മണ്ണിൽ കാണപ്പെടുന്ന രീതിയിൽ തന്നെയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്.

ചെമ്പു തകിടും ചെപ്പേടുകളും

ഒമ്പതാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും സംസ്കൃതത്തിലും മലയാളത്തിലുമായി രേഖകൾ തയ്യാറാക്കിയിരുന്ന ചെമ്പുതകിടും കഴിഞ്ഞ നൂറ്റാണ്ടിൽ അദ്ധ്യാത്മ രാമായണം എഴുതിയ പനയോലയും ഇവിടെ കാണാം. കൊട്ടാരക്കരയ്ക്കു സമീപത്തു നിന്നു കിട്ടിയ ചെപ്പേടുകളുമുണ്ട്. പനയോലയിലും ചെമ്പിലും എഴുതിയ നിരവധി ചെപ്പേടുകളാണ് പ്രദർശനത്തിലുള്ളത്.

നാണയങ്ങൾ

റോമുമായുണ്ടായിരുന്ന വ്യാപാരത്തിന്റെ സാക്ഷ്യപത്രമായ 'ദിനാരി' എന്ന റോമൻ വെള്ളി നാണയം പ്രദർശനത്തിനുണ്ട്. തൃശൂരിലെ ഇയ്യാൽ എന്ന സ്ഥലത്തുനിന്നാണ് ഇത് ലഭിച്ചത്. തിരുവിതാംകൂറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരുകാശ്,നാലുകാശ്,എട്ടുകാശ്,രണ്ട് ചക്രം,അറയ്ക്കൽ രാജവംശത്തിന്റെ നാണയം എന്നിവയുമുണ്ട്.

ദാരു, വെങ്കല ശില്പ ശേഖരം

പതിന്നാലാം നൂറ്റാണ്ടിൽ വരിക്കപ്ലാവിൻ തടിയിൽ നിർമ്മിച്ച ബ്രഹ്മാവിന്റെ ശില്പം,പതിനാറാം നൂറ്റാണ്ടിൽ കല്ലിൽ നിർമ്മിച്ച ശിവന്റെ ഭൂതഗണങ്ങളുടെ ശില്പങ്ങൾ,വെങ്കലത്തിൽ നിർമ്മിച്ച നടരാജ നൃത്തശില്പം എന്നിവ ഉൾപ്പെടെ നിരവധി ശേഖരവുമുണ്ട്.

സംഗീതപ്പെട്ടിയും ദിവാന്റെ ആയുധങ്ങളും

വൈദേശിക സംഗീത സംസ്കാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകൾക്ക് മുൻപ് ഉപയോഗിച്ചിരുന്ന സംഗീതപ്പെട്ടി, ദിവാൻ ടി.മാധവറാവു ഉപയോഗിച്ചിരുന്ന വിവിധതരം ആയുധങ്ങൾ,പാത്രങ്ങൾ,ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചിരുന്ന സ്പൂണും കത്തിയും മുള്ളും തുടങ്ങിയവയും ഗാലറിയിലുണ്ട്.

നാലുകെട്ടിന്റെ പൂമുഖവും അടുക്കളയും

മ്യൂസിയത്തിന്റെ രണ്ടാം നിലയിൽ നാലുകെട്ടിന്റെ രണ്ടു മുറികൾ പുനസൃഷ്ടിച്ചിട്ടുണ്ട്.തറവാടിന്റെ പൂമുഖത്തു നിന്ന് അകത്തേക്ക് കയറിയാൽ കാണുന്നത് നടുമുറ്റവും അകത്തളവും.ഈ മുറികളിൽ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന സപ്രമഞ്ചക്കട്ടിൽ,കിളിവിളക്ക്,ചാരുകസേര തുടങ്ങിയവ.ഇതിന്റെ സമീപത്തായി ഒരുക്കിയ അടുക്കളയിൽ ഉറികൾ,പാത്രങ്ങൾ,തറനിരപ്പിൽ നിർമ്മിച്ച അടുപ്പ്,അമ്മിക്കല്ല് എന്നിവയുമുണ്ട്. അരണ്ട വെളിച്ച സംവിധാനത്തിൽ തയ്യാറാക്കിയിട്ടുള്ള ഈ മുറികളിൽ കയറിയാൽ പഴയകാലത്തെ തറവാട്ടിലെത്തിയ പ്രതീതി അനുഭവപ്പെടും.

പീരങ്കികളും കൊച്ചി രാജാവിന്റെ കുതിരവണ്ടിയും

മ്യൂസിയത്തിന്റെ മുറ്റത്തായി 250 വർഷം പഴക്കമുള്ള രണ്ട് പീരങ്കികൾ.തൃശൂർ ജില്ലയിലെ പെരുന്തട്ടയിലെ ശിവക്ഷേത്രവളപ്പിൽ നിന്നാണ് കിട്ടിയത്.ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് ഉപയോഗിച്ചിരുന്ന പീരങ്കികളാണിവ. മന്ദിരത്തിന് മുന്നിൽ കൊച്ചി രാജാവിന്റെ കുതിരവണ്ടിയുമുണ്ട്.