thala

നെയ്യാറ്റിൻകര: അഡ്വ. തലയൽ എസ്. കേശവൻ നായരുടെ പേരിൽ സാംസ്കാരിക കേന്ദ്രം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. വിൽപ്പാട്ട് പ്രസ്ഥാനത്തിന് നവീന രൂപം നൽകിയ തലയൽ കേശവൻ നായരുടെ ഓർമ ദിനത്തിൽ സംഘടിപ്പിച്ച 'തലയൽ ഞാണൊലിയും' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗത സ്മൃതി തണലിടത്തിൽ അഡ്വ. തലയൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തലയൽ ബാലകൃഷ്ണൻനായർ രചിച്ച 'തലയൽ പുലവർ' എന്ന കവിത ശ്രീനന്ദൻ ആലപിച്ചു. സുഗത സ്മൃതി തണലിടത്തിലെ പുസ്തക കലവറയിലേക്ക് തലയൽ കേശവൻ നായർ രചിച്ച 'ചപ്പും ചവറും', തലയൽ ബാലകൃഷ്ണൻ നായർ രചിച്ച മാളോട്ടമ്മ, നിറപറ, കാവ്യമഞ്ജരി എന്നീ പുസ്തകങ്ങൾ കെ. ആൻസലൻ എം.എൽ.എ സുഗത സ്മൃതി ക്രീയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറത്തിന് കൈമാറി. ചടങ്ങിൽ തലയൽ എസ്. കേശവൻ നായർ സ്മാരക ട്രസ്സ്റ്റിനുവേണ്ടി കെ. ആൻസലൻ എം.എൽ.എ അജയൻ അരുവിപ്പുറത്തിനെ ആദരിച്ചു. കൗൺസിലർമാരായ ഷിബു രാജ് കൃഷ്ണ, കൂട്ടപ്പന മഹേഷ്, രചന വേലപ്പൻനായർ, തലയൽ മനോഹരൻ നായർ, എ.പി. ജിനൻ, എസ്.കെ. ജയകുമാർ, അയണിത്തോട്ടം കൃഷ്ണൻ നായർ, മുൻ കൗൺസിലർ ശ്രീകണ്ഠൻ നായർ തുടങ്ങിയവരും പങ്കെടുത്തു.