madhuram-nalki-anumodikun

കല്ലമ്പലം: ദേശീയ റോൾ പ്ലേ മത്സരത്തിൽ കേരളത്തിന് അഭിമാനമായി ഞെക്കാട് സ്കൂൾ. ദേശീയ റോൾപ്ലേ മത്സരത്തിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും, കേരളത്തിന് ആദ്യമായി അഖിലേന്ത്യാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത് സ്കൂളിനും നാടിനും സംസ്ഥാനത്തിനും അഭിമാനമായി മാറിയ ഞെക്കാട് സ്കൂളിലെ വിദ്യാർത്ഥികളെ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ നടത്തിയ ആദ്യഘട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഞെക്കാട് സ്കൂൾ ടീം റവന്യൂ ജില്ലാതലത്തിൽ പങ്കെടുക്കുകയും അവിടെ നിന്ന് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധികളായി സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് സംഘടിപ്പിച്ച സംസ്ഥാനതല റോൾപ്ലേ മത്സരത്തിൽ മാറ്റുരയ്ക്കുകയും അവിടെയും ഒന്നാം സ്ഥാനം നേടുകയും ചെയ്തു. തുടർന്ന് കേരളത്തിന്റെ ടീമായി അഖിലേന്ത്യാതലത്തിൽ പങ്കെടുത്തു. അവധിക്കാലത്ത് നടന്ന പ്രതിഭാ സംഗമത്തിൽ വച്ച് ഈ പ്രതിഭകളെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ അനുമോദിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയ മത്സരത്തിന്റെ ഫലം വന്നപ്പോഴാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയെന്ന് എൻ.സി.ഇ.ആർ.ടി അറിയിച്ചത്. തുടർന്ന് മന്ത്രി വി.ശിവൻകുട്ടി വിദ്യാർത്ഥികളെ നേരിട്ട് കണ്ട് അനുമോദിക്കുകയായിരുന്നു. ഒ.എസ് അംബിക എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ഗീത നസീർ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർ ഡോ.മീന, സ്കൂൾ പ്രിൻസിപ്പൽ കെ.കെ സജീവ്, ഹെഡ്മാസ്റ്റർ എൻ.സന്തോഷ്, പി.ടി.എ പ്രസിഡന്റ് കെ.ഷാജി കുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ മധു, സ്റ്റാഫ് സെക്രട്ടറി ജി.വി ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.