
തിരുവനന്തപുരം: അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കേസരി ഹാളിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു..
സത്യം പറയുന്നതും യാഥാർത്ഥ്യം തുറന്നു കാട്ടുന്നതും വലിയ തെറ്റായി മാറി. മാദ്ധ്യമ പ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ പല കാരണങ്ങൾ കാട്ടിയാണ് വിവിധ സംസ്ഥാനങ്ങളിലായി കേസെടുത്തിരിക്കുന്നത്. മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്ക് .വിമാനത്താവളം, തുറമുഖം, വൈദ്യുതി വിതരണമടക്കം തീറെഴുതി കൊടുക്കുകയാണ്. . യു.ഡി.എഫ് ഭരണകാലത്താണ് വിഴിഞ്ഞം തുറമുഖം അദാനിക്കു നൽകാൻ തീരുമാനിക്കുന്നത്. പിന്നീട് എൽ.ഡി.എഫ് ഭരണം വന്നിട്ടും അതിനെ എതിർത്തില്ല. അദാനിയുടെ കസ്റ്റഡിയിലുള്ള മുന്ദ്ര പോർട്ട് രാജ്യത്തെ വലിയ ലഹരി കടത്ത് കേന്ദ്രമാണ്. 25,000 കോടിയുടെ മയക്കുമരുന്ന് ഇടപാടുകളാണ് അവിടെ നടന്നത്. കേന്ദ്രസർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. നാടിന് നാശം വിതയ്ക്കുന്നതാണ് വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം. പദ്ധതി നടപ്പാക്കുന്നതു വഴിയുള്ള പാരിസ്ഥിതിക ദുരന്തത്തിന് മുന്നിൽ സംസ്ഥാന സർക്കാർ പോലും കണ്ണടയ്ക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം വഴി മത്സ്യത്തൊഴിലാളികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അന്തിയുറങ്ങേണ്ട ഗതികേടിലാണ്. ഇതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങണം.
വിഴിഞ്ഞം പദ്ധതി തീരമേഖലയെ ബാധിക്കുമെങ്കിൽ ,സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തെയാകെ ബാധിക്കുന്നതാണ്. പ്രത്യാഘാതങ്ങൾ പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായും പാരിസ്ഥിതികമായും സാമൂഹികമായും സിൽവർലൈൻ കേരളത്തിന് ദുരന്തമാവും..
തുറന്ന സംവാദത്തിനുള്ള വേദിയായ പാർലമെന്റിൽ വാക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത് ശരിയല്ല. പല നിയമങ്ങളും ചർച്ച പോലുമില്ലാതെ പാർലമെന്റിൽ പാസാക്കുകയാണ്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവർ ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാവുന്ന അവസ്ഥയാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.