
വക്കം: റോഡ് നവീകരണത്തിന്റെ ഭാഗമായി വെട്ടി പൊളിച്ച റോഡിലെ കുഴി അപകട ഭീതി പരത്തുന്നു. നിലയ്ക്കാമുക്ക് യു.ഐ.ടി കോളേജിന് സമീപത്ത് റോഡിന്റെ നടുക്കുള്ള നീണ്ട കുഴിയാണ് ഇരു ചക്ര വാഹനമടക്കമുള്ളവർക്ക് ഭീഷണിയാകുന്നത്.
ഒരേ സമയം രണ്ട് വാഹനങ്ങൾ ഇതു വഴി കടന്ന് പോയാൽ ഒരണ്ണം കുഴിയിൽ ഉറപ്പായും വീഴും. ആലംകോട് മുതൽ മീരാൻകടവ് വരെ റോഡ് വീതി കൂട്ടുന്നതിനും വിവിധയിടങ്ങളിൽ റോഡ് കുറുകെ മുറിച്ച് ഓടകൾ സ്ഥാപിക്കുന്നതിനും വേണ്ടി കുഴിച്ച കുഴികളിൽ ഒന്നാണിത്. റോഡിന്റെ പകുതി കുഴിച്ച ശേഷം ഓട നിർമ്മിക്കുകയും, പകുതിയിലൂടെ വാഹന ഗതാഗതം നടത്തുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. എന്നാൽ ഇവിടെ പകുതി ഭാഗം കുഴിച്ച് ഓട നിർമ്മിച്ച ശേഷം നിർമ്മാണ ജോലികൾ നിറുത്തിവെയ്ക്കുകയായിരുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചിട്ട് രണ്ട് മാസം കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. സമീപത്ത് കോളേജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുണ്ട്.
റോഡിന്റെ പകുതി ഭാഗത്ത് കൂടിയുള്ള വാഹന യാത്ര ഇവിടെ ദുസ്സഹമാണ്. രാത്രികാലങ്ങളിൽ ഇരു ചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും കുഴിയിൽ വീണാൽ ആരും അറിയില്ല. അത്രയും ആഴമുള്ളതാണി കുഴികൾ. കുഴിയുടെ ആഴത്തിന് പുറമേ റോഡിൽ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റിനായി സ്ഥാപിച്ച കമ്പികളും അപകടം നിറഞ്ഞതാണ്. തീരദേശ മേഖലയിൽ ഏറെ തിരക്കുള്ള റോഡിന്റെ സ്ഥിതിയാണിത്. ഈ മേഘലയിലെ റോഡരുകിൽ നിർമ്മിക്കുന്ന ഓടകളുടെ നിർമ്മാണവും അനിശ്ചിതത്വത്തിൽ തന്നെ.