
കണ്ണൂർ: കണ്ണൂർ ടൗൺ പൊലീസ് നഗരത്തിൽ നടത്തിയ രാത്രികാല വാഹനപരിശോധനയിൽ സിന്തറ്റിക്ക് മയക്കുമരുന്നായ 10.5 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. എസ്.ഐ നസീബിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കണ്ണൂർ ബർണശേരിയിലെ സഞ്ജയ് വിൽഫ്രഡ് (35) പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എസ്.ഐ അജയൻ, എസ്.സി.പി.ഒ നാസർ തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മൂന്ന് കിലോ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: 3 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നടക്കാവ് നാലുകൂടി പറമ്പ്
സാദത്ത് (28) ആണ് പിടിയിലായത്. ഒറീസ്സയിൽ സ്ഥിരതാമസക്കാരനായ ഏജന്റ് മുഖാന്തരം കഞ്ചാവ് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപനക്കാർക്ക് മറിച്ച് വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ബാലുശ്ശേരിയിലും മയക്കുമരുന്ന്
ബാലുശ്ശേരി : എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കൊടുവള്ളി എളേറ്റിൽ കരിമ്പാ പൊയിൽ ഫായിസ് (25) നെയാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ജൂനിയർ എസ്.ഐ അഫ്സലും സംഘവും പൂനൂരിൽ നിന്ന് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 4.65 ഗ്രാം എം.ഡി.എം.എ യും വിതരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. റെന്റ് എ കാർജോലിയുടെ മറവിൽ വർഷങ്ങളായി പൂനൂരിലും പരിസരങ്ങളിലും ഫായിസ് മയക്കു മരുന്ന് വിതരണം ചെയ്തു വരികയായിരുന്നു.പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
മയക്കുമരുന്നുമായി രണ്ടു യുവാക്കൾ
ചെങ്ങന്നൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു.വെണ്മണി ചാങ്ങമല കാർത്തിക വീട്ടിൽ ബിഭുപ്രസാദ് (24 ), ആലാ ത്രാച്ചേരിൽ രാഹുൽ (22 ) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല ഹൈവേ പട്രോളിംഗിനിടെയുള്ള വാഹനപരിശോധനയിൽ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ കൊല്ലകടവ് റോഡിൽ ചിറക്കുഴി പാലത്തിന് സമീപം വച്ചാണ് യുവാക്കൾ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഗ്രാമിന് 4000 രൂപ വരെ വിലയുള്ള സിന്തറ്റിക് ലഹരി മരുന്നാണ് എം.ഡി.എം.എ. ഇത് ഡി.ജെ പാർട്ടികൾക്കും മറ്റും കൊടുക്കുമ്പോൾ ഗ്രാമിന് 10,000 രൂപ വരെ വില ലഭിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. വാഹനപരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, വനിത സി.ഇ.ഒ. വിജയലക്ഷ്മി, സി.ഇ.ഒ.മാരായ ജി. ശ്യാം, ബി. പ്രവീൺ, യു. അനു എന്നിവരും പങ്കെടുത്തു.