
എം.ടി. വാസുദേവൻ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ് ഫ്ളിക്സ് ആന്തോളജിയിലെ പ്രിയദർശൻ- മോഹൻലാൽ ചിത്രം ഒാളവും തീരവും പൂർത്തിയായി. ബ്ളാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന പ്രത്യേകതയുണ്ട്.
എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഒാളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്. ബാപ്പൂട്ടി എന്ന കഥാപാത്രത്തെ മോഹൻലാൽ പുനരവതരിപ്പിക്കുമ്പോൾ ഉഷനന്ദിനി അവതരിപ്പിച്ച നബീസ എന്ന കഥാപാത്രത്തെയാണ് ദുർഗ കൃഷ്ണ പുനരവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ നായികയായി ദുർഗകൃഷ്ണ എത്തുന്നത് ആദ്യം ആണ്. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് അവതരണ സ്വഭാവമുള്ള ചിത്രം എന്ന ഖ്യാതി നേടിയ സിനിമ കൂടിയാണ് ഒാളവും തീരവും. ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന പ്രതിനായകനായി ഹരീഷ് പേരടി എത്തുന്നു. 52 വർഷത്തിനുശേഷം ഒാളവും തീരവും പുനർജനിക്കുമ്പോൾ സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കലാസംവിധാനം സാബു സിറിൾ. ന്യൂസ് വാല്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.ടിയുടെ മകൾ അശ്വതി വി. നായർ ആണ് ചിത്രം നിർമ്മിക്കുന്നത്.