 ആദ്യം നടപ്പാക്കുന്നത് യൂണിവേഴ്സിറ്റി കോളേജിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കോളേജുകളിലും ടൂറിസം ക്ളബുകൾ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് 2022 (എൻ.ഐ.ആർ.എഫ്) റാങ്കിംഗ് ലഭിച്ചതിന് അലുമിനി അസോസിയേഷൻ കോളേജിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര സഞ്ചാരികളെത്തുന്ന നാടായി കേരളം മാറി. പുതിയ തലമുറയെ ഉൾപ്പെടുത്തി കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംരക്ഷണം,​ പരിപാലനം,​ പ്രചാരണം എന്നിവ നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ക്ളബുകൾ രൂപീകരിക്കുന്നത്. കാമ്പസിൽ പ്രവർത്തിക്കുന്ന ക്ളബുകൾക്ക് ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ചുമതല നൽകും. അതിന്റെ പരിപാലനം,​ സംരക്ഷണം,​ പ്രചാരണം തുടങ്ങിയവ ഈ ക്ളബിന്റെ നേതൃത്വത്തിലായിരിക്കും. ഇതിനായുള്ള പ്രത്യേക ഫണ്ടും വകുപ്പ് അനുവദിക്കും. പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ജോലിയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ആദ്യ പദ്ധതി യൂണിവേഴ്സിറ്റി കോളേജിൽ തന്നെ നടപ്പാക്കാൻ ധാരണയായെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ നാലുകോടിയുടെ പൈതൃക ലൈബ്രറി കെട്ടിടങ്ങളുടെ ജോലികൾ കുറച്ചുമാസങ്ങളായി മുടങ്ങി കിടക്കുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച അലുമിനി അസോസിയേഷൻ പ്രസിഡന്റ് എസ്. പി. ദീപക് സൂചിപ്പിച്ചു. ഉടൻ തന്നെ ചീഫ് എൻജിനിയറെ വിളിച്ച് ഉന്നതതല യോഗം നടത്താനും പ്രശ്‌നം പരിഹരിക്കാൻ മന്ത്രി നി‌ർദ്ദേശിച്ചു.

156 വർഷം പഴക്കമുള്ള യൂണിവേഴ്സിറ്റി കോളേജിൽ മ്യൂസിയം തുടങ്ങാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. അലുമിനി അസോസിയേഷൻ നൽകുന്ന ആദരം മന്ത്രി യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ സജി സ്റ്റീഫന് നൽകി. അലുമിനി സെക്രട്ടറി വേണുഗോപാൽ, സിനിമാതാരം സുധീർ കരമന, നർത്തകി നീനാ പ്രസാദ്, മുൻ പ്രിൻസിപ്പൽ സുകുമാരൻ, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ മനോമോഹൻ, വിദ്യാർത്ഥി പ്രതിനിധി സുവിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.