rajendran

 ചികിത്സാപ്പിഴവെന്ന് ആരോപണം  നിഷേധിച്ച് ആശുപത്രി അധികൃതർ

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗിയുടെ വലതുകണ്ണിന്റെ കാഴ്ച നഷ്‌ടപ്പെട്ടതായി പരാതി. ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടിയ വെമ്പായം കൊഞ്ചിറ തീർത്ഥത്തിൽ രാജേന്ദ്രന്റെ (53) വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്‌ടമായത്‌.

ചെവി വേദനയെ തുടർന്ന് കഴിഞ്ഞ മാസം 10നാണ് ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇ.എൻ.ടി വിഭാഗത്തിൽ ചികിത്സ തേടിയത്. ഈ മാസം 7ന് രോഗിക്ക് മരുന്ന് പായ്‌ക്ക് വച്ചശേഷം വീട്ടിലയച്ചു. ഒരാഴ്ചയ്ക്കുശേഷം പല്ലുവേദനയും കണ്ണുവേദനയുമുണ്ടായതിനെ തുടർന്ന് ഒരു പല്ല് ഇളക്കി മാറ്റിയെങ്കിലും വേദനയ്‌ക്ക് കുറവുണ്ടായില്ല. ഒരു കണ്ണിന് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടർന്ന് കണ്ണാശുപത്രിയിൽ ചികിത്സ തേടി. അവിടെ നടത്തിയ പരിശോധനയിലാണ് ഇ.എൻ.ടി വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷമാണ് കണ്ണിലേക്കുള്ള ഞരമ്പിന് ക്ഷതം സംഭിച്ചതെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചത്. തുടർചികിത്സയ്ക്കായി മെഡിക്കൽകോളേജ് ഇ.എൻ.ടി വിഭാഗത്തിലെത്തി. എം.ആർ.ഐ സ്‌കാനിംഗിൽ ഇ.എൻ.ടി വിഭാഗത്തിൽ നിന്ന് നിക്ഷേപിച്ച വസ്‌തുവും കണ്ണിലെ ഞരമ്പും തമ്മിൽ ഞെരുങ്ങിയ അവസ്ഥയിലെന്ന് കണ്ടെത്തിയതായി രാജേന്ദ്രൻ പറയുന്നു.

മെഡിസിൻ വിഭാഗത്തിൽ നിന്ന് വിവരം കൈമാറിയതോടെ ഡോക്ടർമാർ വാർഡിലെത്തി രോഗിയെ ഇ.എൻ.ടി വിഭാഗത്തിൽ തുടർചികിത്സയ്ക്കായി കൊണ്ടുപോയി. 7ന് ചെവിയിൽ നിക്ഷേപിച്ച വസ്‌തു നീക്കം ചെയ്‌തു. ചികിത്സയിൽ ഭയന്നുപോയ രോഗി വീട്ടിൽ പോകണമെന്ന് പറഞ്ഞു. എന്നാൽ സെക്യൂരിറ്റി വിഭാഗത്തിൽ അറിയിക്കാനാണ് പറഞ്ഞത്. ഇതോടെ മറ്റാരോടും പറയാതെ താൻ രാവിലെ വീട്ടിലേക്ക് പോയെന്ന് ഇയാൾ പറയുന്നു. കണ്ണിന് വേദനയും അസ്വസ്ഥതയും വർദ്ധിച്ചതോടെ കണ്ണിന്റെ കാഴ്‌ച വീണ്ടെടുക്കുന്നതിന് സഹായമഭ്യർത്ഥിച്ച് 15ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീനെ സമീപിച്ചിരുന്നു. എന്നാൽ പരാതി എഴുതി സൂപ്രണ്ട് ഓഫീസിൽ നൽകാൻ മാത്രമാണ് പറഞ്ഞതെന്ന് രോഗി പറയുന്നു.

എന്നാൽ തുടർചികിത്സാസൗകര്യമൊരുക്കിയില്ലെന്നുമുള്ള ആരോപണം വാസ്‌തവവിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. വർഷങ്ങളായി ചെവിയിൽ അണുബാധയുണ്ടായിരുന്നതിന്റെ ഭാഗമായി തലയോട്ടിക്കുണ്ടായ കേടുപാടിനെ തുടർന്ന് ഒരു കണ്ണിന്റെ കൺപോള അടഞ്ഞുപോയിരുന്നു. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന രോഗി ആശുപത്രി അധികൃതരെ അറിയിക്കാതെ സ്വയം ചികിത്സ മതിയാക്കി ഇറങ്ങിപ്പോകുകയായിരുന്നു. കണ്ണാശുപത്രിയിൽ നിന്ന് എഴുതിക്കൊടുത്ത രസീതുമായി എം.ആർ.ഐ സ്‌കാനെടുത്തു. സ്‌കാൻ റിപ്പോർട്ട് പ്രകാരം തലയോട്ടിയുടെ ഒരുഭാഗം ദ്രവിച്ചുപോയിരുന്നു. ഓസ്റ്റിയോമൈലൈറ്റിസ് എന്ന ഈ അസുഖം ഒരാഴ്ചകൊണ്ടൊന്നും ഉണ്ടാകുന്നതല്ല. ചെവിയിലെ പഴുപ്പ് വർഷങ്ങായി ഉണ്ടായിരുന്നതിന്റെ ഭാഗമായാണ് ഈ അസുഖമുണ്ടായതെന്നും തലയോട്ടി ദ്രവിച്ചതിന്റെ ഭാഗമായാണ് കൺപോള അടഞ്ഞുപോയതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.