
നാഗർകോവിൽ: ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 8 പേർക്ക് പരിക്ക്. ജീവനക്കാരായ തൂത്തുകുടി സ്വദേശി മൂസ (48), പള്ളിവിള സ്വദേശി പ്രവീൺ (25), പെരിയനായകി തെരുവ് സ്വദേശി ശേഖർ (52), കടയിൽ ചായ കുടിക്കാൻ എത്തിയ സുധ (48), ശശിധരൻ (62), ശുശീല (50), നേയൂർ സ്വദേശി ഫക്രുദീൻ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പള്ളിവിള സ്വദേശി രാജേഷ്, മുഹമ്മദ് ഷഫീക് എന്നിവർ ചേർന്ന് നാഗർകോവിൽ പാർവതിപുരം ഫ്ലൈഓവറിന്റെ അടിവശത്തായിരുന്നു ചായക്കട നടത്തിയിരുന്നത്. ഇന്നലെ രാവിലെ കടയിൽ വടയിട്ടു കൊണ്ടിരുന്നപ്പോൾ ഗ്യാസ് അണഞ്ഞു. ഓഫ് ചെയ്യാതെ 20 മിനിറ്റിന് ശേഷം ജീവനക്കാരൻ പ്രവീൺ വീണ്ടും ഗ്യാസ് കത്തിച്ചപ്പോഴാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കടയിൽ തീ പിടിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാഗർകോവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. പരിക്കേറ്റ എട്ട് പേരും നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.