kerala-niyamasabha

തിരുവനന്തപുരം:ഇന്നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിൽ രേഖപ്പെടുത്തുന്ന ഒരു വോട്ട് ബി.ജെ.പി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനായിരിക്കും! ഉത്തർപ്രദേശിലെ എൻ.ഡി.എ എം.എൽ.എ നീൽരത്തൻ സിംഗാണ് ഇവിടെ ദ്രൗപതി മുർമുവിന് വോട്ടു ചെയ്യുന്നത് .

ചികിത്സയ്‌ക്കായി പാലക്കാട്ടെത്തിയതാണ് അദ്ദേഹം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മുൻകൂർ അനുമതിയോടെ ഇന്ത്യയിലെവിടെയും വോട്ട് ചെയ്യാം.

നീൽരത്തൻ സിംഗിന്റെ വോട്ട് കേരളത്തിലെ കണക്കിൽ ഉൾപ്പെടില്ല. യുപിയിലെ കണക്കിലാകും വോട്ട് എണ്ണുക. തിരുനൽവേലി എം.പി ജ്ഞാനതിരവിയം കേരള നിയമസഭിലാണ് വോട്ട് ചെയ്യാൻ എത്തുന്നത്. ഡി.എം.കെ അംഗമായ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഡി.എം.കെ യശ്വന്ത് സിൻഹയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ 140 നിയമസഭാംഗങ്ങളും ഇവിടെ വോട്ടു ചെയ്യും. പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ കോൺഗ്രസും ഇടതുപക്ഷവും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വോട്ടും അദ്ദേഹത്തിനു ലഭിക്കാം. എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ എസ് ബി.ജെ.പിയുടെ ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നുവെങ്കിലും കേരളത്തിലെ ജനതാദൾ അംഗങ്ങളായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മാത്യു.ടി. തോമസും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുമെന്നാണു കരുതുന്നത്. ഇരുവരും ഇവിടെ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗങ്ങളാണ്.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിയമസഭാ മന്ദിരത്തിന്റെ മൂന്നാം നിലയിലെ 740-ാം നമ്പർ മുറിയിലാണ് വോട്ടെടുപ്പ്.