തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണ കേസിൽ താൻ കോടതിയിൽ ഹാജരാകുന്നില്ലെന്ന ചാനൽ വാർത്ത തെറ്റാണെന്നും താനെല്ലെങ്കിൽ അഭിഭാഷകൻ ഹാജരായിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു.

ഈ കേസിന്റെ കാര്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ പരസ്യപ്പെടുത്തിയതാണ്. ഇതിന്റെ വാർത്തകൾ ഇടയ്ക്കിടെ പൊങ്ങിവരുന്നതാണ്. തന്നെ സ്ഥാനാർത്ഥിയാക്കിയപ്പോൾ വന്നു. തന്നെ മന്ത്രിയാക്കാൻ തീരുമാനിച്ചപ്പോൾ വന്നു. കേസ് നീണ്ടു പോകുന്നുവെന്ന് പറയുന്നതിൽ കഴമ്പില്ല.

തനിക്കൊരു ബുദ്ധിമുട്ടുമില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല - അദ്ദേഹം പറഞ്ഞു.

ലഹരിക്കേസ് പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് 16 വർഷം മുമ്പാണ് ആന്റണി രാജുവിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്‌ട്രേലിയൻ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ആന്റണി രാജുവിന്റെ സീനിറായിരുന്ന അഭിഭാഷക സെലിൻ വിൽഫ്രഡാണ് വിദേശിക്കു വേണ്ടി കോടതിയിൽ ഹാജരായത്. തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷത്തേക്ക് ശിക്ഷിച്ചു. പക്ഷേ

പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്നും വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ഹൈക്കോടതി വെറുതെവിട്ടു.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന് സംശയിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങുന്നത്. തിരുവനന്തപുരം കോടതിയിലെ ക്ലാർക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്നായിരുന്നു ആരോപണം.