വിടപറഞ്ഞ് പത്തുവർഷത്തിനുശേഷം ഒരു കവിയുടെ ആദ്യ കവിതാ സമാഹാരം പ്രകാശിതമായിരിക്കുന്നു. ജീവൻ വെടിഞ്ഞ കവി തന്റെ കവിതകളിലൂടെ ഉയിർത്തെണീൽക്കുന്നു.മഹാരാജാസ് കലാലയ സൗഹൃദത്തിന്റെ ഭാഗമായിരുന്ന രവീന്ദ്രൻ പുല്ലന്തറയെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കവയിത്രി വിജയലക്ഷ്മി

vijaya

വിജയലക്ഷ്മി

രവീന്ദ്രൻ പുല്ലന്തറയെന്ന ലോകത്തോട് സമരസപ്പെടാനുള്ള ശ്രമത്തിൽ അകം ഞെരിയുന്നവയാണ് രവീന്ദ്രൻ പുല്ലന്തറയുടെ കവിതകൾ. വിഷാദപൂർണമായ ഇൗ രചനകൾ കവി മനസിന്റെ ആന്ദോളനം കൃത്യമായി രേഖപ്പെടുത്തുന്നു. അകത്തേക്ക് നോക്കി നെടുവീർപ്പിടുകയും പുറത്തേക്ക് നോക്കി ആശ്വസിക്കുകയും ചെയ്യുന്ന ഇൗ ദുഃഖഗീതികളിൽ കാക്കയും കടലും കുടുംബ പുരാണവും കണ്ണീരും കിനാവും പ്രത്യക്ഷമാകുന്നു. ആകുലചിന്തയിൽ മുഴുകി, സ്നേഹത്തെച്ചൊല്ലി വിറപൂണ്ട്, ദുഷ്ടതകളെ ഭയന്ന്, ഇത്രവേഗത്തിൽ ഇൗ കവി കടന്നുപോകേണ്ടിയിരുന്നില്ല.

അത് മറ്റൊരു കാലമായിരുന്നു. അന്ന് അറിയപ്പെടാത്ത എഴുത്തുകൊണ്ട് എത്രയോ ചെറുപ്പക്കാർ ഏകാന്തതയെ അതിജീവിച്ചിരുന്നു. എഴുത്ത് അവർക്ക് രഹസ്യമായ ഒരു ആയുധമായിരുന്നു. ചിലപ്പോൾ മാത്രം അതിന്റെ മൂർച്ച അവർ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തു. ആ തിളക്കം ഉറുമിപോലെ ശത്രുവിന്റെ തലയറുത്ത്, സ്വപ്നത്തിലെങ്കിലും. അതിനാൽ, ഒറ്റയ്ക്കിരിക്കുമ്പോഴും അവർ വിജയികളായിരുന്നു. കിരീടമില്ലാത്ത രാജാക്കൻമാർ. വിക്ടർ ലീനസും ടീയാറും കയറിയപ്പോൾ ലോകത്തിനുമേൽ പറന്നുയർന്ന ആ മായാപരവതാനിയിൽ രവീന്ദ്രൻ പുല്ലന്തറയും എത്തിപ്പെട്ടു. അവിടെനിന്നുനോക്കി അവർ മനുഷ്യരെ സൂതാര്യമായി കണ്ടു. അത്ഭുതം പങ്കുവച്ചു. തങ്ങളെത്തന്നെ കീറിമുറിച്ചു പരീക്ഷിച്ചു. അത്താഴത്തിൽ മുഖ്യസ്ഥാനമോ, റബ്ബി എന്ന വിളിയോ ആഗ്രഹിക്കാതെ അലഞ്ഞ ഇൗ ഒറ്റയാൻമാർ കൊച്ചിയുടെ സാംസ്കാരിക ഭൂമികയിൽ അദൃശ്യമനുഷ്യരായി ഇന്നും ചുറ്റിത്തിരിയുന്നു. കായൽക്കാറ്റിൽ നമുക്ക് അവരുടെ കാലൊച്ചകൾ കേൾക്കാം. മെഹ്ബൂബിന്റെ ഗാനംപോലെ, കുയിലന്റെ അഭിനയം പോലെ , പേരും വേരും ബാക്കിവയ്ക്കാത്ത അനേകം കലാകാരൻമാരുടെ ആത്മാവിഷ്കാരങ്ങൾ, കൊച്ചിയുടെ അതുല്യതേജസ്സിൽ വയലറ്റ് രശ്മികളായി നമ്മോടൊപ്പമുണ്ട്.ആ കാലവും ആ മനുഷ്യരും കടഞ്ഞിട്ടുപോയ നോവുകളുടെയും നീറ്റലിന്റെയും തിരുശേഷിപ്പുകളിൽ രവീന്ദ്രൻ പുല്ലന്തറയുടെ കവിതകളും പെടുന്നു.

ഉൾവലിയുന്ന പ്രകൃതം കൊണ്ടാവാം ഇൗ കവിതകൾ ഒന്നടുക്കിച്ചേർത്തുവയ്ക്കാനും പുസ്തകരൂപത്തിൽ നെഞ്ചോടു ചേർക്കാനും കവി ഒരുങ്ങാതിരുന്നത്. സ്വയം മുറിപ്പെടുത്തി ആ മുറിവിലും വേദനയിലും അഭിരമിക്കുന്ന കവിതകൾ പലതുമുണ്ട് ഇക്കൂട്ടത്തിൽ. പലപ്പോഴുമവ സ്വയം കുറ്റപ്പെടുത്തുന്നു. ചിലപ്പോൾ സമൂഹത്തെയും സംസ്കാരത്തെയും വിമർശിച്ചും വിലയിരുത്തിയും വെളിച്ചപ്പാടാകാൻ വെമ്പുന്ന കവിതകളും ഇവയിലുണ്ട്. ഒരുമിച്ചു വായിക്കുമ്പോൾ, കവിഹൃദയത്തിലേക്ക് തിരിച്ചുവച്ച കണ്ണാടിപോലെ ഇൗ കവിതകൾ ഏകാഗ്രമായി നിലകൊള്ളുന്നു. മെഴുകുതിരികൾപോലെ എരിഞ്ഞുതീരുന്ന വാക്കുകളും വേവും.

ഭ്രാന്തിനെപ്പറ്റിയും ഭ്രാന്തനെപ്പറ്റിയും പലേടത്തും എഴുതിപ്പോവുന്ന ഇൗ കവി എന്നും നടന്നുപോയത് ഒരു ചില്ലുപാതയിലൂടെയായിരിക്കാം. താഴേക്കോ വശങ്ങളിലേക്കോ നോക്കിയാൽ തലചുറ്റുന്നവിധം ദൈനംദിനചര്യകളിൽനിന്നു വളരെ ഉയരത്തിൽ പരിലസിച്ചിരുന്ന ചില്ലുപാത ഒരടിതെറ്റിയാൽ വീഴും. പാത ഉടയും. തലതകർന്ന് താനില്ലാതാവും. ഇൗ ആശങ്കയിലും നിത്യവേദനയിലും പിടഞ്ഞായിരിക്കാം കവി ഒാരോ നിമിഷവും പിന്നിട്ടിട്ടുണ്ടാവുക. സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രവേശനം നിഷേധിച്ച സർഗോന്മാദത്തിന്റെ സ്ഫടികപാതയിൽ, ആനന്ദ ദുഃഖാത്മകമായി ആടിയുലഞ്ഞു സഞ്ചരിച്ച ഒരു ജീവൻ. അതായിരുന്നു രവീന്ദ്രൻ പുല്ലന്തറ എന്നറിയപ്പെട്ട ഭൗതികരൂപത്തിൽ കുടികൊണ്ടത്. ആ ജീവൻ, അതിന്റെ നിത്യതയിലൂടെ അന്ന് നടന്നുപോയി. നാം അതിനെ തിരിച്ചറിയാതെ വെറുതേ കണ്ടുനിന്നു.

ഇന്നത് ഇൗ കവിതകളുടെ നിത്യതയിലൂടെ അവിരാമം നടന്നുകൊണ്ടേയിരിക്കുന്നു.

നമുക്ക് അതിനെ തിരിച്ചറിയാം. ആദരപൂർവം അഭിവാദ്യങ്ങളർപ്പിക്കാം.(പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച രവീന്ദ്രൻ പുല്ലന്തറയുടെ കറുത്ത വാവിലെ കാക്ക എന്ന കവിതാ സമാഹാരത്തിന് എഴുതിയ അവതാരിക)

---------------------------------------------------------------------

കറുത്തവാവിലെ കാക്ക

രവീന്ദ്രൻ പുല്ലന്തറ--കവിത

raveendra

രവീന്ദ്രൻ പുല്ലന്തറ

കദനവും മാഞ്ഞ ചിരിയുമായ് വന്നെന്റെ

താെടിയിലെച്ചാഞ്ഞ കൂവളച്ചില്ലയിൽ

പാതിചിമ്മിയ കണ്ണുമായാതെ നീ

യോർത്തു കാത്തുകരയുന്നു കാക്കേ.

ദൈന്യവും കള്ളനോട്ടവും കണ്ണിലെ

ക്കെട്ടടങ്ങിയ സൂര്യനും കൊക്കിലെ-

ച്ചോരവറ്റിയ പാടുമിന്നേതൊരു

പ്രേതദാഹത്തിന്നോർമ്മക്കുറിപ്പുകൾ

ഒരു മറഞ്ഞ കഥയിലൊരായിരം

കദനമിന്നെന്റെയുള്ളിൽത്തുളുമ്പവേ

ഒരു കറുത്ത വാവിന്റെ നാൾമിന്നിയ

വെയിലിലും പെയ്തു തോരാത്ത മഴയിലും

ഒരു കരിമ്പൂതമായെന്റെ ജീവിതം

ശിഥിലമാക്കിയ തീനിന്റെ കണ്ണുകൾ

ബലിയെടുക്കാതെ (?) പൊയ്പോയ നീയെന്റെ

കുടിലിനപ്പുറം കോറിയ പരിഭവ-

ക്കുറിയിലേതൊരു കടലിരമ്പുന്ന, താ-

ക്കടലിലെൻ പിഞ്ചുമക്കളും, ഭാര്യയും,

അലറിയാർത്തൊരു കർക്കിടകത്തിന്റെ

ചുഴിയിലെൻ കൊച്ചുകുടിലും കിനാക്കളും

ഇനിയുമെന്തിനീക്കൊലവിളി (?) നിന്നിലെ-

പ്പിതൃപരിഭവദാഹം ജ്വലിപ്പതോ?

ബലിതരാനുണ്ടെനിക്കെന്നെ മാത്രമായ്

മതിമതിനിൻ കപടാർദ്ര ദൈന്യത.