തിരുവനന്തപുരം: മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ കലയ്ക്കും സാഹിത്യത്തിനും അനശ്വരമായ കഴിവുണ്ടെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. കമുകറ ഫൗണ്ടേഷന്റെ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക് നൽകുന്ന ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കവിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ കമുകറ അവാർഡ് ചിത്രയ്ക്ക് സമ്മാനിച്ചു. അച്ഛനെ പോലെ ആദരിക്കുന്ന കമുകറ പുരുഷോത്തമന്റെ പേരിലുള്ള ആദരം ഏറ്റുവാങ്ങാനായതിൽ നന്ദിയുണ്ടെന്നും ഈ നിമിഷം അച്ഛനെയും അമ്മയെയും മിസ് ചെയ്യുന്നതായും കെ.എസ്. ചിത്ര പറഞ്ഞു. പഴയകാല ഗായികമാരായ സി.എസ്. രാധാദേവി, ലളിത തമ്പി എന്നിവരെ ആദരിച്ചു. കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ.എൻ.വി അദ്ധ്യക്ഷനായ ചടങ്ങിൽ ബേബി മാത്യു സോമതീരം, കമുകറ ഫൗണ്ടേഷൻ സെക്രട്ടറി പി.വി. ശിവൻ, രക്ഷാധികാരി ഡി. ചന്ദ്രശേഖരൻ നായർ, കമുകറ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. കെ.എസ്. ചിത്രയുട‌െ പാട്ടുകൾ കോർത്തിണക്കിയ സംഗീതപരിപാടിയും നടന്നു.