1

പൂവാർ: കാഞ്ഞിരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാവിനെ മാരകമായി കുത്തിപ്പരിക്കേല്പിച്ച പ്രതികളിൽ ഒരാളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ചെവ്വര സ്വദേശി സുനിലിനെയാണ് (23) സർക്കിൾ ഇൻസ്പെക്ടർ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ചാണി വണ്ടിപ്പുര ഉഷസിൽ മിഥുൻ ജോണിനാണ് (23) കുത്തേറ്റത്. ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.

ഒന്നാം പ്രതിയെ സംഭവം നടന്ന കാഞ്ഞിരംകുളം ദൃശ്യാ ഓഡിറ്റോറിയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വയറിൽ ആഴത്തിൽ മുറിവേറ്റ മിഥുൻ അപകടനില തരണം ചെയ്തിട്ടില്ല. സുനിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മിഥുൻ ജോണിനെ ആക്രമിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനും ചേർന്നാണെന്ന് മിഥുൻ ജോണിന്റെ അച്ഛൻ എം.ജി.ജോൺ ഷൈസൺ പറയുന്നത്. ഈ വിവരം ഉൾപ്പെടുത്തി ജില്ലാ റൂറൽ എസ്.പിക്കും ആഭ്യന്തര മന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.