തിരുവനന്തപുരം: വെള്ളയമ്പലത്തെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ ടാങ്കിൽ നിന്ന്‌ ചത്ത എലിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഹോസ്റ്റലിൽ ഉള്ളവർ പല്ലു തേയ്ക്കാനും ബാത്‌റൂം ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളത്തിലാണ്‌ എലിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്‌. ഇതോടെ ആറ്‌ പെൺകുട്ടികൾ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടി. കല്യാണി, അശ്വതി, ദേവിക, ആരതി, ആൻസി, വർഷ എന്നിവരാണ്‌ ആശുപത്രിയിൽ ചികിത്സ തേടിയത്‌. ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ല.
ഇവരുടെ രക്തസാമ്പിൾ പരിശോധയ്ക്കായി എടുത്തു. മൂന്ന്‌ ദിവസമായി പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന്‌ ദുർഗന്ധം ഉണ്ടായിരുന്നു. ഞായറാഴ്ച പൈപ്പിലൂടെ എലിയുടെ അവശിഷ്‌ടം ലഭിച്ചതോടെയാണ്‌ ടാങ്ക് പരിശോധിച്ചത്‌. തുടർന്നാണ്‌ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയത്‌. രാത്രിയോടെ ഇവരെ ഡിസ്‌ചാർജ്‌ ചെയ്തു.