vivadavela

"അവരൊരു വിധവയായിപ്പോയി, അതവരുടെ വിധി, അതിന് ഞങ്ങളാരും കുറ്റക്കാരല്ല"- റവല്യുഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ ഒരേയൊരു എം.എൽ.എ ആയ വടകര നിയമസഭാംഗം കെ.കെ. രമയ്ക്കെതിരെ സി.പി.എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗവും മുൻമന്ത്രിയും തലമുതിർന്ന നേതാവുമായ എം.എം. മണി നിയമസഭയിൽ പൊട്ടിച്ച വെടിയാണിത്.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യശോഷണം തുറന്നുകാട്ടുന്ന പ്രതികരണമാണിതെന്ന് ശക്തമായ ഇടതുപക്ഷബോധം ഉള്ളിൽ കൊണ്ടുനടക്കുന്ന കേരളീയ സംസ്കാരം തീർച്ചയായും വിളിച്ചുപറയും. ഇടതുപക്ഷമെന്നതിന് വിശാലമായൊരു അർത്ഥമുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ കള്ളിയിൽ ഒതുങ്ങുന്നതല്ല അത്. സി.പി.എമ്മോ സി.പി.ഐയോ അല്ലെന്ന് സാരം.

എം.എം. മണി മുമ്പും ഇതുപോലെ പ്രതികരിച്ചിട്ടുണ്ട്. മൂന്നാറിൽ തേയിലത്തൊഴിലാളികളുടെ സമരം ഓർമ്മയിലുണ്ടാകും. പെമ്പിളൈ ഒരുമൈ എന്ന സ്ത്രീകൂട്ടായ്മ സമരം ചെയ്തപ്പോൾ അധിക്ഷേപസ്വരം മണിയിൽ നിന്നുയർന്നു. വൈകുന്നേരമാകുമ്പോൾ എല്ലാ പരിപാടിയുമുണ്ട് എന്നൊക്കെയാണ് അദ്ദേഹം മൊഴിഞ്ഞത്.

എം.എം. മണി തനി നാടനാണെന്ന് പറഞ്ഞ് വെറുതെ ന്യായീകരിക്കാമെന്നേയുള്ളൂ. കെ.കെ. രമയ്ക്കെതിരെ അദ്ദേഹം നടത്തിയ പ്രതികരണവും നാടനായത് കൊണ്ട് നാവിൽനിന്ന് ഊർന്ന് വീണതാണെന്ന് കരുതാനാകില്ല. അങ്ങനെ ആയിരുന്നെങ്കിൽ വിവാദം ഉയർന്നപ്പോൾ തന്നെ അദ്ദേഹം ക്ഷമ ചോദിക്കുമായിരുന്നു. നിയമസഭയിൽ അന്ന് രാത്രിയിൽ രമയുടെ പ്രസംഗം കഴിഞ്ഞായിരുന്നു മണിയുടെ പ്രസംഗം. കഴിഞ്ഞ വ്യാഴാഴ്ച. മണിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയ ശേഷം മറുപടി പറയാനെഴുന്നേറ്റ സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്റെ പ്രതികരണം മണിയുടെ പരാമർശത്തേക്കാൾ അമ്പരപ്പുളവാക്കി. താനാരെയും അപമാനിച്ചിട്ടില്ലെന്ന് മണി പറഞ്ഞപ്പോൾ, പിണറായി പറഞ്ഞത് അദ്ദേഹം പറഞ്ഞതിൽ ഒരു മോശവും ഉണ്ടായിട്ടില്ലെന്നായിരുന്നു. അവർ വിധവയായിപ്പോയതിന് സി.പി.എമ്മോ എൽ.ഡി.എഫോ ഉത്തരവാദിയല്ലെന്നാണ് മണി പറഞ്ഞതെന്നും മണി ഉപയോഗിച്ച മഹതി എന്ന പദപ്രയോഗം മോശം പദമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം അധികാരം ആരെയും ദുഷിപ്പിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇന്ത്യയിൽ സ്ത്രീപക്ഷ രാഷ്ട്രീയം ഏറ്റവും ശക്തിമായി ഉയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമനസ്സുകളാണ്. ഏത് സാഹചര്യത്തിൽ വിധവയാക്കപ്പെട്ട ആളാണ് കെ.കെ. രമ എന്നുപോലും ഓർക്കാൻ ശ്രമിക്കാതെ അവർക്കെതിരെ അധിക്ഷേപവാക്കുകൾ ചൊരിയുമ്പോൾ വലതുപക്ഷ ജീർണരാഷ്ട്രീയമാണ് സഭയിൽവീണ് തുളുമ്പിയതെന്ന് പറയാതിരിക്കാനാവില്ല. ആർ.എം.പി സ്ഥാപകനേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ വധം കേരളത്തിന്റെ ഉള്ളുപൊള്ളിച്ചതാണ്. 2012 മേയ് നാലിനായിരുന്നു സംഭവം. കമ്മ്യൂണിസ്റ്റുകാർ നെഞ്ചേറ്റുന്ന വികാരമായ ഒഞ്ചിയം സമരത്തിന്റെ വിപ്ലവവീര്യം പേറുന്ന മണ്ണിൽ സി.പി.എമ്മിനെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കൊണ്ടുനടക്കാൻ അഹോരാത്രം വിയർപ്പൊഴുക്കിയവരായിരുന്നല്ലോ ചന്ദ്രശേഖരനടക്കമുള്ളവർ. 2008ൽ ഏറാമല പഞ്ചായത്തിൽ അദ്ധ്യക്ഷസ്ഥാനം ജനതാദളിന് വിട്ടുനൽകുന്നതിനെതിരെ പാർട്ടിക്കുള്ളിൽ കലഹിച്ചത് ചന്ദ്രശേഖരന്റെ അധികാരമോഹമായിരുന്നില്ല. പ്രദേശത്തെ പാർട്ടിവികാരം ആത്മാർത്ഥതയോടെ ഉയർത്തിപ്പിടിക്കാനാനുള്ള ശ്രമമായിരുന്നു. നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത കമ്യൂണിസ്റ്റായി പാർട്ടിക്ക് പുറത്തുപോയ ചന്ദ്രശേഖരന്റെ ജനസ്വാധീനം വിനയാകുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സി.പി.എം സംസ്ഥാന നേതൃത്വം കുലംകുത്തികളെന്ന് വിളിച്ച് അവരെ അടിച്ചിരുത്താൻ നോക്കിയത്.

പിന്നീട് ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആർ.എം.പി എന്ന റെവല്യുഷണറി സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യാതലത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെയൊക്കെ ഭാഗവാക്കായി ഇന്നും പ്രവർത്തിക്കുന്നുണ്ട്. ഇടതുപക്ഷ മൂല്യരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നിലപാടുകളാണ് കെ.കെ. രമ നിയമസഭയിൽ കൈക്കൊള്ളുന്നത്. അതിനോട് നമ്മുടെ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയത്തിന് പൊരുത്തപ്പെടാനാവാതെ പോകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയിലെ അസഹിഷ്ണുതാപ്രകടനം. മുമ്പും സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരിമിൽ നിന്ന് കെ.കെ. രമയ്ക്കെതിരായി വന്ന പ്രതികരണം കേരളം കണ്ടതാണ്. ഇടതുപക്ഷ മൂല്യം ഉൾക്കൊള്ളാനാവാത്ത വിധം മാറിപ്പോയ മുഖ്യധാരാ സി.പി.എമ്മിന്റെ വലതുപക്ഷവത്കരണം എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്ന് നിയമസഭയിലെ നാടകീയരംഗങ്ങൾ കാട്ടിത്തരുന്നുണ്ട്.

കെ.കെ. രമ പറഞ്ഞ

സഞ്ചരിക്കുന്ന

അടിയന്തരാവസ്ഥ

കെ.കെ. രമ നിയമസഭയിൽ പൊലീസുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗമാണ് എം.എം. മണിയെ മുതൽ മുഖ്യമന്ത്രിയെ വരെ പ്രകോപിപ്പിച്ചത്. സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്നാണ് രമ മുഖ്യമന്ത്രിയുടെ പോക്കിനെ വിശേഷിപ്പിച്ചത്. പൊലീസ് വന്ധ്യംകരിക്കപ്പെട്ടെന്ന് അവർ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തുനിന്ന് പലരും മറന്നുപോയ പാർശ്വവത്കൃതരുടെ ദുരനുഭവങ്ങൾ ഓർമ്മപ്പെടുത്താൻ രമ തനിക്ക് കിട്ടിയ അവസരങ്ങൾ വിനിയോഗിക്കുന്നുണ്ട്. വ്യാഴാഴ്ചത്തെ ധനാഭ്യർത്ഥന ചർച്ചയിലും അവർ ആറ്റിങ്ങലിൽ ഒരു ദളിത് ബാലികയ്ക്ക് പിങ്ക് പൊലീസിൽ നിന്നുണ്ടായ പീഡനത്തിന്റെയും ആ കേസിനുണ്ടായ ദുർഗതിയുടെയും കഥകൾ ഓർമ്മപ്പെടുത്തി. മാത്രവുമല്ല, മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി റോഡിൽ മറ്റ് യാത്രക്കാരെ ഏറെനേരം ബന്ദികളാക്കി നിറുത്തുന്ന അശ്ളീലത്തെ അവർ തുറന്നുകാട്ടി. ഒരു കമ്മ്യൂണിസ്റ്റ്, ജനകീയ മുഖ്യമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഈ സുരക്ഷാ ആഡംബരം അതുകൊണ്ടുതന്നെയാണ് തീർത്തും അശ്ലീലമാകുന്നത്. മുഖ്യമന്ത്രി അത് ആസ്വദിച്ച് കൊണ്ടേയിരിക്കുന്നതാണ് അതിനേക്കാൾ വലിയ ദുരന്തം.

രമയുടെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മണി മാപ്പ് പറയേണ്ടെന്ന നിലപാട് അദ്ദേഹം തന്നെ സ്വീകരിച്ചതായി വേണം കണക്കാക്കാൻ. അതുകൊണ്ട് കൂടിയാവാം, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ഏറെ പ്രകോപനമുണ്ടാക്കിയിട്ടും മണി 'ക്ഷമ' എന്ന വാക്ക് ഉച്ചരിക്കാൻ പോലും തയാറാവാതിരുന്നതും മുഖ്യമന്ത്രി മണിയുടെ പ്രസംഗത്തെ അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയതും. മണി പിന്നീട് പുറത്ത് പറഞ്ഞ കാര്യങ്ങളെയും ഇതിനോട് ചേർത്തു വായിക്കാം. മുഖ്യമന്ത്രിയെ നിരന്തരം ആക്രമിക്കുന്നതിനാലാണ് കെ.കെ. രമയ്ക്കെതിരെ താൻ പ്രസംഗിച്ചതെന്നും അതിനിയും തുടരുമെന്നും അദ്ദേഹം പറയുകയുണ്ടായി. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ ഒരു അധിക്ഷേപവാക്കും ഉരിയാടാത്ത താൻ രാഷ്ട്രീയവിമർശനം നടത്തിയതിനെപ്പോലും ഭയക്കുന്ന ഒരു ഭരണപക്ഷത്തെ കണ്ട് കെ.കെ. രമ അദ്ഭുതം പ്രകടിപ്പിച്ചു. രമ മാത്രമല്ല, ഇടതുപക്ഷബോധം ശക്തിയായി പ്രതിഫലിപ്പിക്കുന്ന സാംസ്കാരികകേരളമാകെ അതിൽ അദ്ഭുതസ്തബ്ധരാണെന്ന് പറയാതിരിക്കാനാവില്ല.

രാജ്യത്തെ അപ്രഖ്യാപിത

അടിയന്തരാവസ്ഥയും

കേരളവും

രാജ്യം ഇന്ന് അടിയന്തരാവസ്ഥയേക്കാൾ ഭീതിദമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആൾട്ട് ന്യൂസ് സഹസ്ഥാപകനും സത്യസന്ധനും മിടുക്കനുമായ മാദ്ധ്യമപ്രവർത്തകൻ സുബൈറിന്റെ അറസ്റ്റ് രാജ്യത്തിന്റെ സാമൂഹ്യാന്തരീക്ഷം എത്രമാത്രം അപകടകരമാണെന്ന് വെളിപ്പെടുത്തിത്തരുന്നുണ്ട്. രണ്ട് കേസുകളിൽ ജാമ്യം ലഭിച്ച ശേഷവും അദ്ദേഹം ജയിലിൽ തുടരുകയാണ്. രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഭരണഘടനയ്ക്ക് മേൽ നടത്തിയ അതിക്രമങ്ങളുടെ ഫലമാണല്ലോ ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതടക്കമുള്ള കാര്യങ്ങൾ. അയോദ്ധ്യ കേസിലുണ്ടായ സുപ്രീംകോടതി വിധിയെന്തായിരുന്നു. ജുഡിഷ്യറിയും എക്സിക്യൂട്ടീവും ലജിസ്ലേച്ചറുമടക്കം എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും വരുതിയിലാക്കിക്കൊണ്ടുള്ള ഇടപെടലാണിന്ന് രാജ്യത്ത് നടക്കുന്നത്. നാലാം തൂണായ മാദ്ധ്യമങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിലെ മുഖ്യധാരാ മാദ്ധ്യമങ്ങളിൽ പലതും ഇന്ന് മോദീസ്തുതികളിൽ മാത്രം അഭിരമിക്കുന്നതിന് പിന്നിലെ കോർപ്പറേറ്റ് യുക്തികൾ കാണാതിരിക്കാനാവില്ല.

ശക്തമായ പ്രതിപക്ഷമില്ലെന്ന ദുർഗതിയിൽ ജനാധിപത്യമെന്ന സങ്കല്പം തന്നെ ചോദ്യചിഹ്നമായി രാജ്യത്ത് ഉയർന്ന് നിൽക്കുമ്പോൾ, ഒരു ഇടതുപക്ഷഭരണം നടക്കുന്ന കേരളത്തിലെങ്കിലും പ്രതീക്ഷയുടെ പച്ചത്തുരുത്തുകൾ നമ്മൾ പ്രതീക്ഷിക്കും. തീർത്തും അങ്ങനെയില്ലെന്നല്ല. ചില തെളിച്ചങ്ങളൊക്കെ ഇപ്പോഴുമുണ്ട്. പക്ഷേ ആശങ്കകളുണർത്തുന്ന രാഷ്ട്രീയനാടകങ്ങൾ കേരളീയ പൊതുബോധത്തിന് നേർക്ക് ചോദ്യചിഹ്നങ്ങളാകുന്നുണ്ട്. കെ.കെ. രമയോടുള്ള അസഹിഷ്ണുത മാത്രമല്ല, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം, പ്രതിഷേധം എന്ന മുദ്രാവാക്യം മുഴക്കിയ രണ്ട് ചെറുപ്പക്കാർക്കെതിരെയുണ്ടായ നീക്കങ്ങളും അത്തരത്തിൽ വേണം കാണാൻ.

രാജ്യത്തിന്റെ രാഷ്ട്രീയകാലാവസ്ഥ തിരിച്ചറിഞ്ഞുള്ള യഥാർത്ഥ ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിക്കുന്ന നിലയിലേക്ക് തിരിച്ചുവരാൻ കേരളത്തിനും കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിനും സാധിക്കണം. അത്തരമൊരു നിലയിലേക്കുള്ള ഇടതുപക്ഷ മനസിന്റെ തിരിച്ചുവരവ് സി.പി.എം ഭരിക്കുന്ന സർക്കാരിൽനിന്ന് എല്ലാവരുംപ്രതീക്ഷിക്കുന്നുണ്ട്.