വിതുര: സാധാരണക്കാരുടെ തീൻമേശയിലെ ഇഷ്ടഭക്ഷണമായ മരച്ചീനിക്കും തീവില.അതേസമയം മരച്ചീനിക്കർഷകരെ പന്നിയും വേട്ടയാടുന്നു.പന്നിശല്യം കാരണം പൊതുവെ മരച്ചീനിക്കൃഷി കർഷകർ ഉപേക്ഷിച്ചതാണ് ഈ പൊള്ളുന്ന വിലയ്ക്കുള്ള കാരണം.
കഴിഞ്ഞവർഷം മരച്ചീനിയുടെ വിലകുത്തനെ ഇടിഞ്ഞിരുന്നു. ഒരുകിലോ മരച്ചീനി 15 രൂപയ്ക്ക് വരെയാണ് വിറ്റത്. എന്നാൽ ക്രമേണവില ഉയർന്ന്, ഉയർന്ന് വരികയായിരുന്നു. ആറ് മാസത്തിനിടയിലാണ് വില ഇത്രയധികം വർദ്ധിച്ചത്. അതേസമയം മരച്ചീനിക്ക് കടുത്തക്ഷാമവും നേരിടുന്നുണ്ട്. കൂടിയവിലനൽകിയാലും മരച്ചീനി ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. നേരത്തെ ഗ്രാമീണമേഖലകളിലെ ചന്തകളിൽ മരച്ചീനി യഥേഷ്ടം ലഭിക്കുമായിരുന്നു. എന്നാൽ വരവ് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. നെടുമങ്ങാട് മാർക്കറ്റിൽ വരെ മരച്ചീനിയുടെ വരവ് കുറഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽനിന്നും ആവശ്യത്തിന് മരച്ചീനി എത്തുന്നുമില്ല. എത്തുന്നവയ്ക്ക് തീവിലയും. പാവപ്പെട്ടവരുടെ ഇഷ്ടഭക്ഷണം കൂടിയായ മരച്ചീനിക്ക് കടുത്ത ക്ഷാമം നേരിടുന്നത് തിരിച്ചടിയായിട്ടുണ്ട്.
മരച്ചീനികൃഷി അന്യമായി
മലയോരമേഖലയിൽ മരച്ചീനികൃഷി അന്യമായി മാറുകയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ മരച്ചീനി കൃഷി നടത്തിയിരുന്ന താലൂക്കുകളിൽ ഒന്നായിരുന്നു നെടുമങ്ങാട്. പാട്ടത്തിനെടുത്തുവരെ കൃഷി നടത്തിയവരുണ്ട്. മാത്രമല്ല നെൽക്കൃഷി നഷ്ടമാണെന്ന പേരിൽ വയലേലകൾ നികത്തിവരെ മരച്ചീനികൃഷി ചെയ്യുന്നുണ്ട്. സർക്കാരിന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായും മരച്ചീനികൃഷി നടത്തിയിരുന്നു. കൃഷിഭവനുകൾ മരച്ചീനികൃഷിക്ക് പ്രഥമ പരിഗണനയും നൽകിയിരുന്നു.സാമ്പത്തിക നഷ്ടം മൂലം ഇപ്പോൾ ധാരാളം പേർ മരച്ചീനികൃഷിയിൽ നിന്നും പിൻവാങ്ങിക്കഴിഞ്ഞു. ഇനി മരച്ചീനിക്ക് അരിയേയും, പച്ചക്കറിയെയും പോലെ അന്യസംസ്ഥാനങ്ങളിലേക്ക് കൈയും നീട്ടിയിരിക്കേണ്ട അവസ്ഥയാണുള്ളത്.
കാരണം പന്നിശല്യം
മരച്ചീനികൃഷിയുടെ കടയ്ക്കൽ കത്തിവച്ചത് കാട്ടുപന്നികളാണ്. മലയോരമേഖലയിലെ മിക്ക പഞ്ചായത്തിലും കാട്ടുപന്നിശല്യം അതിരൂക്ഷമാണ് പകൽ സമയത്തുപോലും കാട്ടുപന്നികൾ നാട്ടിലിറങ്ങി ഭീതിയും,നാശവും പരത്തി വിഹരിക്കുന്ന അവസ്ഥയാണ് നിലവിൽ.പന്നിയുടെ ആക്രമണത്തിൽ തൊളിക്കോട് പഞ്ചായത്തിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്തിരുന്നു. മരച്ചീനികർഷകർ ലോണെടുത്തും,പാട്ടത്തിനെടുത്തും കൃഷി നടത്തിയിരുന്ന മരച്ചീനി മുഴുവൻ കാട്ടുപന്നികൾ നശിപ്പിച്ചു. മരച്ചീനികർഷകർക്ക് കനത്തനഷ്ടമാണ് പന്നികൾ വിതച്ചത്. പന്നികൾക്ക് പുറമേ കാട്ടാനയും,കാട്ടുപോത്തും വരെ നാട്ടിലിറങ്ങി കൃഷിനാശം വിതയ്ക്കുന്നുണ്ട്. സാധാരണ മിക്ക വീടുകളുടെ പരിസരത്തും ചെറിയതോതിൽ മരച്ചീനികൃഷി നടത്താറുണ്ടായിരുന്നു.എന്നാൽ പന്നിശല്യം രൂക്ഷമായതോടെ അതും നിലച്ചു.
റബറും വില്ലനായി
പണ്ട് മരച്ചീനികൾ തലയുയർത്തി നിന്ന പുരയിടങ്ങളിലെല്ലാം ഇന്ന് റബറുകൾ പാൽചുരത്താൻ തുടങ്ങി.വിശാലമായ പുരയിടങ്ങളിലെല്ലാം പണ്ട് മരച്ചീനിയും ചേനയും കാച്ചിലും തെങ്ങുമൊക്കെ നട്ടിരുന്നെങ്കിൽ ഇന്ന് അവയെല്ലാം റബറിനു വഴിമാറി.അതോടെ ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം കുറഞ്ഞു.അതിനുള്ള ഏറ്റവും വലിയ തെളിവാണ് മരച്ചീനിക്കും തേങ്ങയ്ക്കും എന്തിനേറെ വാഴയിലയ്ക്കുവരെ പൊള്ളുന്ന വില ഈടാക്കുന്നത്. ഇന്ന് അഞ്ചും പത്തും സെന്റുകളിൽ മാത്രമാണ് മരച്ചീനി നട്ടിരിക്കുന്നത് അതും വീട്ടാവശ്യത്തിന് മാത്രം.പിന്നെ പണപ്പുരയിടങ്ങളിലും മഴ ചതിച്ചാൽ അതും നശിക്കും.