
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് എത്തുന്ന സ്വർണത്തിന്റെ കൃത്യമായ വിവരം രേഖകളിലില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ആറ് ലക്ഷംകോടിയുടെ സ്വർണമാണ് ഇന്ത്യയിൽ ഔദ്യോഗികമായി ഒരു വർഷം ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 1.5ലക്ഷംകോടിയുടെ സ്വർണം കേരളത്തിലേക്ക് എത്തുന്നതായാണ് വിവരം. എന്നാൽ കഴിഞ്ഞ വർഷം ഒരു ലക്ഷംകോടിയിൽ താഴെയുള്ളതിന്റെ കണക്ക് മാത്രമേ രേഖയിലുള്ളൂ.
മറ്റുചില സാധനങ്ങളുടെ കാര്യത്തിലും സമാനമായ സ്ഥിതിയാണ്. ഇതു തടയാൻ വാഹന പരിശോധനയ്ക്കൊപ്പം ആധുനിക രീതിയിലുള്ള പരിശോധന സംവിധാനവുമൊരുക്കും. കച്ചവടക്കാരിൽ നിന്ന് ഉപഭോക്താക്കൾക്കുള്ള ബില്ലുകൾ കൂടി സോഫ്റ്റ്‌വെയറിൽ വന്നാൽ മാത്രമേ നികുതിചോർച്ച തടയാനാകൂ. നിലവിൽ ഇത്തരത്തിലുള്ള അധിക ബില്ലുകൾ സംവിധാനത്തിന്റെ ഭാഗമാകുന്നില്ല. കേരളത്തിലെത്തുന്ന ചരക്കുകൾ സംബന്ധിച്ച കണക്കുകൾ ജി.എസ്.ടി സ്റ്റോഫ്റ്റ്‌വെയർ വഴിയാണ് ലഭിക്കേണ്ടത്. എന്നാൽ എല്ലാ കണക്കുകളും ലഭിക്കുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങളയച്ചുവെന്ന പേരിൽ വ്യാജബില്ലുണ്ടാക്കി ഇവിടെ നിന്ന് നികുതി ഈടാക്കുന്ന സ്ഥിതിയുണ്ട്.
ജി.എസ്.ടി നഷ്ടം പഠിക്കാൻ സംഘം
ജി.എസ്.ടി നിലവിൽ വന്നതോടെ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ കേരളത്തിലേക്കുള്ള സാധനങ്ങളുടെ വരവ് കൂടിയിട്ടും നികുതി വരുമാനം വർദ്ധിക്കാത്തത് എന്തുകൊണ്ടെന്നത് പഠിക്കാൻ സി.ഡി.എസിനെയും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി തുടക്കത്തിൽ വിഭാവനം ചെയ്തിരുന്ന ഓൺലൈൻ റിട്ടേൺ സംവിധാനം പൂർണമായി നടപ്പാക്കാൻ കഴിയാതെ വന്നത് ജി.എസ്.ടി വരുമാനത്തിന്റെ നഷ്ടത്തിന് കാരണമായി.