തിരുവനന്തപുരം: പെരുമ്പാവൂരിലെ റോഡുകളുടെ പരിപാലനം ഉറപ്പാക്കാൻ റണ്ണിംഗ് കോൺട്രാക്ട് സമ്പ്രദായം നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഒരു വർഷത്തേക്ക് റോഡിന്റെ പരിപാലന കാലാവധി ഉറപ്പാക്കുന്ന പദ്ധതിയാണിത്. വെങ്ങോല ശാലേം ഊട്ടിമറ്റം റോഡ് ബി.എം ബി.സി നിലവാരത്തിലേക്ക് ഉയർത്തണമെന്ന ആവശ്യം ധനലഭ്യത പരിശോധിച്ച് തീരുമാനിക്കും. മണ്ണൂർ പോഞ്ഞാശേരി റോഡ് നവീകരണം 79% പൂർത്തീകരിച്ചിട്ടുണ്ട്. 340 മീറ്റർ ഭാഗത്തെ നവീകരണം അവശേഷിക്കുന്നു. കരാറുകാരന്റെ അനാസ്ഥയും വീഴ്ചയുമാണ് അതിന് കാരണം. നവീകരണം പൂർത്തിയാക്കുന്നതിന് 73.50 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ആലുവ മൂന്നാർ റോഡിലെ മണ്ഡലത്തിൽപ്പെട്ട ഭാഗം നവീകരിക്കുന്നതിന് എട്ട് കോടി രൂപയും പെരുമ്പാവൂർ കൂവൻമുള്ളി റോഡിന് അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 2021 22ൽ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണിതെന്നും എൽദോസ് കുന്നപ്പിള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.