essential-commodities-pri

നിത്യജീവിതത്തിന്റെ സകല മേഖലകളെയും പ്രത്യക്ഷമായി ബാധിച്ചുകൊണ്ടുള്ള വിലക്കയറ്റത്തിനാണ് കേന്ദ്രം തിരികൊളുത്തിയിരിക്കുന്നത്. ചരക്കുസേവന നികുതിനിയമം നിലവിൽ വന്നപ്പോൾ എല്ലാറ്റിനും നിയതമായ ചട്ടവും വ്യവസ്ഥകളുമൊക്കെ ഉണ്ടാകുമെന്നായിരുന്നു ധാരണ. ഇവിടെ ഇപ്പോൾ ജി.എസ്.ടി കൗൺസിലിനെയും മറികടന്നുകൊണ്ടാണ് വിലകൂട്ടാനുള്ള തീരുമാനം. ഉപ്പുതൊട്ടു കർപ്പൂരം വരെ സർവതിനും വിലകൂടുന്നു എന്ന് ആലങ്കാരികമായി പറയുന്നതല്ല. അക്ഷരാർത്ഥത്തിൽ അതാണ് സംഭവിക്കുന്നത്. ഇതുവരെ നികുതി പരിധിയിൽ ഉൾപ്പെടാതിരുന്ന അരി, പയർവർഗങ്ങൾ തുടങ്ങിയവയ്ക്കും ഇനി നികുതി നൽകേണ്ടിവരും.

കൊവിഡ് പശ്ചാത്തലത്തിൽ നികുതിവരുമാനം കുറഞ്ഞത് തിരിച്ചുപിടിക്കാനുള്ള മാർഗമാണ് പുതിയ പരിഷ്കാരങ്ങൾ. പല മാസങ്ങളിലും ജി.എസ്.ടി വരുമാനത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വൻവർദ്ധന രേഖപ്പെടുത്തുകയും ചെയ്തു. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്ന സമ്പ്രദായം അവസാനിക്കുകയും സംസ്ഥാനങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്തതോടെ എല്ലാറ്റിനും നികുതികൂട്ടി വരുമാനമുണ്ടാക്കാനുള്ള കുറുക്കുവഴിയാണ് ഭരണകൂടം നോക്കുന്നത്.

നികുതിഘടന നിർണയാധികാരം പൂർണമായും ജി.എസ്.ടി കൗൺസിലിൽ അർപ്പിതമായതോടെ ബഡ്ജറ്റ് വഴി പണ്ടുകാലത്തെപ്പോലെ നികുതി പരിഷ്കരിക്കുന്ന ഏർപ്പാട് ഇപ്പോഴില്ല. സംസ്ഥാന ധനമന്ത്രിമാർ അംഗങ്ങളായ ജി.എസ്.ടി കൗൺസിൽ സുദീർഘമായ ചർച്ചകൾക്കുശേഷം കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കപ്പെടുകയാണു പതിവ്.

അടിസ്ഥാന ഭക്ഷ്യോത്‌പന്നങ്ങളെ നികുതി പരിധിയിൽനിന്ന് ഒഴിവാക്കുന്നത് ജനങ്ങളോടു കാണിക്കുന്ന ഭരണഘടനാ ബാദ്ധ്യതയായിട്ടാണ് കരുതിപ്പോരുന്നത്. എന്നാൽ വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് അത്തരം മര്യാദകൾ പോലും ഇപ്പോൾ ലംഘിച്ചിരിക്കുന്നു.

മൂന്നുവർഷമായി തുടരുന്ന കൊവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തിക നില എത്രത്തോളം തകർത്തു എന്നതുപോലെ തന്നെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെയും ചെറിയ രീതിയിലല്ല പ്രതികൂലമായി ബാധിച്ചത്. നഷ്ടപ്പെട്ട തൊഴിലും കൂലിയും തിരിച്ചുപിടിക്കാനാകാതെ ദശലക്ഷക്കണക്കിനു കുടുംബങ്ങൾ ഇപ്പോഴും പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ്. സമ്പദ് വ്യവസ്ഥയിൽ കാണാൻ തുടങ്ങിയ ഉണർവ് പുതിയ പ്രതീക്ഷ നൽകുന്നുണ്ടെന്നുള്ളതു ശരിതന്നെ. എന്നാൽ അതിന്റെ ഗുണഫലം സാധാരണക്കാരിലെത്തുന്നതിനു തടസമാവുകയാണ് പുതിയ നികുതി പരിഷ്കാരങ്ങൾ. ഇതുവരെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടാതിരുന്ന അസംഖ്യ ഉത്‌പാദന യൂണിറ്റുകളും കുടുംബശ്രീ പോലുള്ള സമിതികളുമെല്ലാം ഇനി അതിനുകീഴിൽ വരാൻ പോവുകയാണ്. പതിനെട്ടു ശതമാനം നികുതി. ഇടപാടുകാർക്ക് സൗജന്യമായി നൽകിവന്നിരുന്ന സേവനങ്ങൾ ഒന്നൊന്നായി നിറുത്തലാക്കിക്കഴിഞ്ഞു. പണം നിക്ഷേപിക്കുന്നതിനു പോലും ഫീസ് നൽകേണ്ടിവരുന്നു. ഹോട്ടൽ വാസത്തിനു നികുതി ചുമത്തുന്നതു മനസിലാക്കാം. എന്നാൽ ഗുരുതര രോഗവുമായി ആശുപത്രിയിൽ കിടക്കേണ്ടിവന്നാൽ കട്ടിൽക്കാലിനു വരെ നികുതി പിടിച്ചുപറിക്കുന്ന പരിഷ്കാരം എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ വിഷമമാണ്. അവിടെയും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് പ്രകടമാകുന്നത്. പാവങ്ങളുടെ പേരിൽ കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾ അവരുടെ ദുരിതാവസ്ഥകളുടെ പേരിലും ഖജനാവിലെ വരുമാനം കൂട്ടാൻ യത്നിക്കുന്ന കാഴ്ച പരമദയനീയം തന്നെ.

ഇപ്പോഴത്തെ നികുതിപരിഷ്കാരങ്ങൾ കൊണ്ട് എല്ലാം തീർന്നെന്നു എങ്ങനെ കരുതാനാവും. വരുമാനം ഇടിയുമ്പോൾ സർക്കാർ വീണ്ടും ജനങ്ങളുടെ മുന്നിൽത്തന്നെ എത്തും. അതിനു പുതിയ ന്യായങ്ങളും ഉപാധികളും കണ്ടെത്തും. വിലസ്ഥിരതയ്ക്ക് ഒരു പരിധിവരെ ആധാരമായ ഇന്ധനങ്ങൾ ജി.എസ്.ടിക്കു കീഴിലാക്കണമെന്ന ദീർഘനാളത്തെ ആവശ്യം ഇപ്പോഴും അന്തരീക്ഷത്തിൽ അലയുകയാണ്. അവിടെയും പ്രശ്നം ഇന്ധനങ്ങൾ ജി.എസ്.ടിയിലായാൽ ഇപ്പോഴത്തെ നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്നതാണ്. കേന്ദ്ര നികുതിനയങ്ങളെ രൂക്ഷമായി എതിർക്കുന്ന സംസ്ഥാനങ്ങളും ഇന്ധനങ്ങളെ ജി.എസ്.ടിയിൽ കൊണ്ടുവരുന്നതിന് തീർത്തും എതിരാണ്. ജനത്തെ പിഴിഞ്ഞിട്ടാണെങ്കിലും അവയ്ക്കും വരുമാനം കുറയരുതെന്നേയുള്ളൂ.