p

തിരുവനന്തപുരം: പലിശ മുതലിൽ ചേർത്ത് വായ്പ പുതുക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ പ്രവണത കർശനമായി തടയുമെന്ന് മന്ത്രി വി.എൻ.വാസവൻ നിയമസഭയിൽ പറഞ്ഞു. ഇത് ജനങ്ങൾക്ക് അധികബാദ്ധ്യതയാണ്. ഓഡിറ്റിൽ ലാഭം കാണിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി ലാഭവിഹിതവും സ്ഥാപനങ്ങൾ സ്വന്തമാക്കുന്നു.

അമിതപലിശ ഈടാക്കുന്നത് സംബന്ധിച്ച് മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്ക് എതിരായി പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ സംഘങ്ങൾ കേന്ദ്ര നിയമപ്രകാരം പ്രവർത്തിക്കുന്നതിനാൽ സംസ്ഥാന സഹകരണ വകുപ്പിന് നിയന്ത്രിക്കാനാവില്ല, പരാതികൾ കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സ്വർണ പണയ കാർഷിക വായ്പ അനുവദിക്കുന്നതിലേയ്ക്കായി സംഘങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് നബാർഡിൽ നിന്നും കേരള ബാങ്ക് പുനർവായ്പ എടുത്തു നൽകുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ നൽകുന്ന എല്ലാ സ്വർണ പണയ കാർഷിക വായ്പകൾക്കും സംസ്ഥാന സഹകരണ ബാങ്ക് പുനർവായ്പ നൽകുന്നുണ്ട്. സ്വർണ പണയ കാർഷിക വായ്‌പയ്ക്ക് നിലവിൽ തടസങ്ങളില്ല. സഹകരണ വകുപ്പിൽ കായികതാരങ്ങൾക്ക് ജോലി നൽകുന്നതിനായി ടീം രൂപീകരിക്കുന്നത് പരിഗണനയിലില്ല.