
കിളിമാനൂർ: ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷിന്റെയും ശുഭയുടെയും മകൻ സിദ്ധാർത്ഥ് (12)ചെള്ളുപനി ബാധിച്ച് മരിച്ചു. കിളിമാനൂർ ഗവ. എച്ച്.എസ്.എസിലെ ഏഴാംക്ളാസ് വിദ്യാർത്ഥിയായിരുന്നു.
ഒരാഴ്ചമുൻപ് പനി ബാധിച്ച് കേശവപുരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വലിയകുന്ന് ആശുപത്രിയിലും നാലുദിവസം മുൻപ് എസ്.എ.ടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തോന്നയ്ക്കൽ വൈറോളജി ലാബിലെ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് സിദ്ധാർത്ഥിന്റെ സഹോദരനും കിളിമാനൂർ ഗവ. എച്ച്.എസ്.എസിലെ നാലാം ക്ളാസുകാരനുമായ സൂര്യയെ എസ് എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിദ്ധാർത്ഥ് വീട്ടിൽ വളർത്തുന്ന വെള്ളെലി, ഗിനിപന്നി തുടങ്ങിയവയിൽ നിന്ന് രോഗം പകർന്നെന്നാണ് സംശയിക്കുന്നത്. സ്കൂളിന് ഇന്നലെ അവധി നൽകി.