
കെ.കെ. രമയ്ക്കെതിരായ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യം കേട്ട ഭാവം നടിക്കാത്ത എം.എം. മണിയുടെ സാന്നിദ്ധ്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കാൻ നിർബന്ധിതരായ പ്രതിപക്ഷം കാര്യങ്ങളിലേക്ക് കടന്നു. വെള്ളിയാഴ്ചത്തെ നടുത്തളപ്രതിഷേധം കൊണ്ടും പ്രയോജനമുണ്ടായിട്ടില്ലാത്ത അവസ്ഥയിൽ നിയമസഭയിലും ചില പൊരുത്തപ്പെടലുകൾ അനിവാര്യമാണെന്ന തിരിച്ചറിവാകണം പ്രതിപക്ഷത്തിനുണ്ടായത്.
ബഹളത്തിലേക്ക് കടക്കാതെയുള്ള 'അഹിംസാസമര'മാർഗം അവരിന്നലെ തിരഞ്ഞെടുത്തു. മണിയുടെ പരാമർശത്തിനെതിരായ പ്ലക്കാർഡുകൾ ഡസ്കിൽ നിരത്തിവച്ച് സഭാനടപടികളിലവർ പങ്കെടുത്തു. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന ദുര്യോധനന്മാരും ദുശ്ശാസനന്മാരും അഴിഞ്ഞാടുന്ന കൗരവസഭയായി ഈ കേരളനിയമസഭയെ മാറ്റരുതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ക്രമപ്രശ്നമുന്നയിക്കുകയുണ്ടായി. വിധി പരാമർശം മണി പിൻവലിക്കുകയോ മുഖ്യമന്ത്രി നിർബന്ധിച്ച് പിൻവലിപ്പിക്കുകയോ ചെയ്യാത്ത സ്ഥിതിക്ക് ചെയർ ഇടപെട്ട് രേഖയിൽ നിന്ന് നീക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പരിശോധിക്കാമെന്ന് ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വ്യക്തമാക്കിയപ്പോൾ പ്രശ്നത്തിന് അർദ്ധവിരാമമായി.
കൃഷി, ജലസേചനം, ജലവിതരണം എന്നീ ധനാഭ്യർത്ഥകളിന്മേലുണ്ടായ ചർച്ചയിൽ വിഷയത്തെ ഉമ തോമസ് പൊക്കിയെടുത്തു. മഹതി, വിധവ, വിധി എന്നീ വാക്കുകൾ അൺപാർലമെന്ററിയല്ലെങ്കിലും ഇവയെ കോർത്തിണക്കി ഒരു മഹാൻ ഇവിടെ പ്രത്യേക ശരീരഭാഷയിൽ പറഞ്ഞ വാചകങ്ങൾ തെറ്റാണെന്നവർ പറഞ്ഞു. "വിധിയല്ലല്ലോ, വിധിച്ചതല്ലേ, സർ... ടി.പി. ചന്ദ്രശേഖരനെ ക്വട്ടേഷൻ കൊടുത്ത് 52 വെട്ടുവെട്ടി കൊലപ്പെടുത്തിയത് അന്നത്തെ പാർട്ടി സെക്രട്ടറിയുടെ ഒത്താശയോടെയുള്ള നരഹത്യയല്ലേ, സർ"- ഉമ തോമസിന്റെ രോഷം അണപൊട്ടി. എന്ത് വൃത്തികേടും പറയാമെന്നാണോ എന്ന് വി. ജോയി കോപാക്രാന്തനായി. മുഖ്യമന്ത്രിക്കെതിരായ പരാമർശം രേഖയിൽ നിന്ന് നീക്കാൻ എ.എൻ. ഷംസീർ ക്രമപ്രശ്നമുയർത്തി. പ്രസംഗിക്കുമ്പോൾ ആവേശം മൂത്ത് എന്തും പറയേണ്ട വേദിയല്ല നിയമസഭയെന്ന് ഉമയെ അദ്ദേഹം ഉപദേശിച്ചു. മണിയാശാൻ കേൾക്കേണ്ട!
ധീരജ് അടക്കമുള്ളവരുടെ രക്തസാക്ഷിത്വവേദന അനുഭവിക്കുന്ന യു. പ്രതിഭ ഫിലോസഫിക്കൽ മൂഡിലായിരുന്നു. ഒരു മരണത്തെയും ആഘോഷിക്കുന്നവരല്ല തങ്ങളെന്ന് അവർ ഉമ തോമസിനെ ബോദ്ധ്യപ്പെടുത്താൻ നോക്കി.
ഇടതുപക്ഷത്തിനെതിരായ വ്യോമയുദ്ധത്തിന്റെ പുറപ്പാടാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കണ്ടതെന്ന് മുരളി പെരുനെല്ലി പറഞ്ഞു. വ്യോമസേനാമേധാവി കെ.എസ്. ശബരിനാഥനാണെന്നദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിലെ കരിങ്കൊടിപ്രതിഷേധത്തിന് യുവാക്കളെ ഉപദേശിച്ചുവിട്ടത് അദ്ദേഹമാണെന്ന വാർത്തയാണ് ആധാരം. കാട്ടുപന്നികളെ പോലെ മുള്ളൻപന്നികളെയും വെടിവച്ച് കൊല്ലാൻ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർക്ക് അനുവാദം കിട്ടണം. മുള്ളൻപന്നിയുടെ സ്വാദിഷ്ടമായ മാംസം കുഴിച്ചുമൂടാൻ പറയുന്നത് പരിഷ്കൃതസമൂഹത്തിൽ ആശാസ്യമല്ലെന്ന് അദ്ദേഹത്തിനറിയാം. മുള്ളൻ പന്നിയും വനംവകുപ്പുകാരും മാപ്പാക്കുക.
രണ്ട് പ്രഹരമേറ്റാലെങ്കിലും നന്നാവട്ടെയെന്ന് കരുതിയാണ് വിമർശിക്കുന്നതെന്ന് ഭരണപക്ഷക്കാരെ ഉപദേശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം ഇരുപക്ഷത്തെയും പ്രസംഗകർ ഏറെയും കൃഷിയിലും ജലസേചനത്തിലും ഒഴുകിനീങ്ങാനാണ് മെനക്കെട്ടത്. സഹകരണം, വനം ധനാഭ്യർത്ഥനകളും പാസാക്കിയാണ് സഭ പിരിഞ്ഞത്. വൈദ്യുതിനിരക്ക് വർദ്ധനവിനെതിരെ അൻവർസാദത്തിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അടിയന്തരപ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ശൂന്യവേളയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.