p

തിരുവനന്തപുരം: നിയമാനുസൃതമല്ലാത്ത റിക്രൂട്ട്‌മെന്റ്, വിസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്ക്ക് തടയിടാൻ 'ഓപ്പറേഷൻ ശുഭയാത്ര' എന്ന ദൗത്യം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസർക്കാരുമായി സഹകരിച്ച് കർശനമായ നിരീക്ഷണ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
. തീരദേശം, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയാൻ പൊലീസിന്റെ സൈബർ വിഭാഗവും ശ്രമിക്കുന്നു. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നതിന് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നിലവിൽ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല. ഈ യോഗ്യത ഇല്ലാത്തവർക്ക് ഗാർഹിക തൊഴിൽ ചെയ്യുന്നതിന് ക്ലിയറൻസ് ആവശ്യമാണ്. ഇവരെ വിസി​റ്റിംഗ് വിസയിൽ വിദേശത്ത് കൊണ്ടുപോകുന്നതും, അവിടെനിന്നും മ​റ്റു രാജ്യങ്ങളിൽ എത്തിക്കുന്നതുമാണ് രീതി. അതിനാൽ സ്‌പോൺസറെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകാറില്ല.

എല്ലാത്തരം വിദേശ റിക്രൂട്ട്‌മെന്റുകളും ഇ-മൈഗ്രേ​റ്റ് സിസ്​റ്റത്തിലേക്ക് മാ​റ്റാൻ കേന്ദ്രം തീരുമാനിച്ചാലേ ഇത്തരം ചൂഷണങ്ങൾ ഫലപ്രദമായി തടയാനാവൂ. വിദേശത്തുള്ളവരുടെ വിവരശേഖരണത്തിനും ഈ സംവിധാനം സഹായിക്കും.വ്യാജ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത് എന്നിവയിലൂടെ വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് നോർക്ക നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.