 ഇന്നലെ ചേർന്ന കൗൺസിൽ യോഗം കൈയാങ്കളിയിൽ പിരിഞ്ഞു

തിരുവനന്തപുരം: നഗരസഭയിൽ കൂടുതൽ കെട്ടിട നമ്പർ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ.12 കെട്ടിട നമ്പർ ക്രമക്കേട് നടന്നതായി സംശയമുണ്ടെന്ന് മേയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ വർഷമുണ്ടായ തട്ടിപ്പിൽ

പരിശോധനകൾ നടക്കുകയാണെന്നും മേയർ പറഞ്ഞു.

ഫോർട്ട് മേഖലാ ഓഫീസിലെ ഡാറ്റാ എൻട്രി താത്കാലിക ജീവനക്കാരിയായ ബീനാ കുമാരിയെ കെട്ടിട നമ്പർ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്‌തിരുന്നു. ഇവരുടെ ഭർത്താവ് നേമം സോണൽ ഓഫീസിലെ ഡ്രൈവറായ വി.സി. ശ്രീകുമാ‌റിനും തട്ടിപ്പിൽ പങ്കുണ്ടെന്ന് ചില കൗൺസിലർമാർ നിർദ്ദേശിച്ചതനുസരിച്ച് ഇയാൾക്കെതിരെ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെടുമെന്നും മേയർ അറിയിച്ചു. കുന്നുകുഴി വാർഡിൽ തട്ടിപ്പ് നടന്നെന്ന് നേരത്തേതന്നെ സൂചനയുണ്ടായിരുന്നെങ്കിലും ഭരണസമിതി പ്രതിരോധത്തിലാകുമെന്ന സാഹചര്യമുള്ളതിനാൽ റിപ്പോർട്ട് പൂഴ്‌ത്തിയെന്നാണ് ആക്ഷേപം.

12 കെട്ടിട നമ്പർ തട്ടിപ്പ് നടന്നെന്ന് മേയർ പറയുമ്പോഴും 17 നടന്നെന്നാണ് ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് ചെയ്‌തത്. മറ്റ് സോണലുകളിലും സമാന തട്ടിപ്പ് നടന്നതായി സംശയമുണ്ടെങ്കിലും ആ വിവരം ഭരണസമിതി പുറത്തുവിട്ടിട്ടില്ല.

കൗൺസിൽ യോഗത്തിൽ കൈയാങ്കളി

കൗൺസിൽ യോഗം പ്രതിഷേധത്തിലും കൈയാങ്കളിയിലും അവസാനിച്ചതോടെ കെട്ടിട നമ്പർ തട്ടിപ്പ്, പട്ടികജാതി ഫണ്ട് തട്ടിപ്പ് തുടങ്ങിയ ചർച്ചകൾ നടന്നില്ല. കൗൺസിലിൽ ആരംഭിച്ചപ്പോൾ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിഷേധം തുടങ്ങി.

പ്രതിഷേധിക്കുന്നതിനിടെ കോൺഗ്രസ് കക്ഷിനേതാവ് പി. പദ്മകുമാർ മേയറുടെ ചേംബറിൽ കയറിയത് തടയാനായി പാളയം രാജനും ചേംബറിൽ കയറി. തുടർന്ന് എൽ.ഡി.എഫ് - യു.ഡി.എഫ് കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചില ഇടതുപക്ഷ കൗൺസിലർമാർ കൂടി പാഞ്ഞെത്തിയതോടെ കൈയാങ്കളിയിലെത്തി. മേരിപുഷ്പം അടക്കമുള്ള യു.ഡി.എഫ് കൗൺസിലർമാരെ ഇവർ പുറത്തേക്ക് തള്ളിമാറ്റി. നിലത്തുവീണ കോൺഗ്രസ് അംഗങ്ങളായ പദ്മകുമാറും എസ്. സുരേഷ് കുമാറും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തങ്ങളെ മർദ്ദിച്ചെന്ന് ഇവർ മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഘർഷാവസ്ഥയായതോടെ രണ്ട് മിനിട്ടിൽ അജൻഡകൾ ചർച്ച പോലുമില്ലാതെ പാസാക്കി കൗൺസിൽ പിരിഞ്ഞു.

കൗൺസിലർമാർ തമ്മിലുണ്ടായ വാക്കുതർക്കും പുറത്തും തുടർന്നു. മൂന്ന് കക്ഷികളും പുറത്ത് പ്രതിഷേധിച്ചു. വൻ പൊലീസ് സംഘത്തെ കോർപ്പറേഷൻ വളപ്പിൽ നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി മേയർ പി.കെ. രാജു മോശമായി സംസാരിച്ചെന്ന് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചെങ്കിലും മേയർ നിഷേധിച്ചു.
മേയർ വിഷയം അവതരിപ്പിച്ചാൽ അടുത്തത് പ്രതിപക്ഷത്തിന് സമയം നൽകുന്നതാണ് കീഴ്‌വഴക്കമെന്ന് ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം കൂടി കേട്ടശേഷം ചർച്ച തുടങ്ങണമെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. എന്നാൽ വിശദമായ ചർച്ചയ്‌ക്ക് അവസരം നൽകിയെങ്കിലും ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ കൗൺസിലിൽ ബഹളം ഉണ്ടാക്കുകയും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയുമാണ് ചെയ്‌തതെന്ന് മേയർ ആരോപിച്ചു.