
വിഴിഞ്ഞം: തിരയിൽപ്പെട്ട് വള്ളം തകർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മാർത്താണ്ഡം തുറ സ്വദേശികളായ ആന്റണി, ഔസേപ്പ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വള്ളത്തിന്റെ അണിയൻ ഭാഗം (മുൻഭാഗം) പൊട്ടി, വള്ളത്തിൽ വെള്ളം കയറി. മാർത്താണ്ഡം തുറ സ്വദേശിയായ ആരോഗ്യദാസിന്റേതാണ് വള്ളം. കോസ്റ്റൽ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് കോവളം ഐ.ബിയുടെ ഭാഗത്തു വച്ച് വള്ളം കേടായ നിലയിൽ കണ്ടതെന്ന് പൊലീസ് അറിയിച്ചു. ഗ്രേഡ് എ.എസ്.ഐ അശോകൻ,സി.പി.ഒ ഫ്രാൻസിസ്, കോസ്റ്റൽ വാർഡൻ കിരൺ, ബോട്ട് ജീവനക്കാരായ ജയകുമാർ,ശ്യാം കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളം കെട്ടിവലിച്ചു കരയിലെത്തിച്ചു.