
തിരുവനന്തപുരം: വൈദ്യുതി നിരക്കുയർത്താൻ കാരണം പിരിഞ്ഞുകിട്ടാനുള്ള കോടികളുടെ കുടിശികയാണെന്ന് നിയമസഭയിൽ സമ്മതിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി മിനിറ്റുകൾക്കകം നിലപാടുമാറ്റി. താരിഫ് പുതുക്കിയതിൽ കുടിശിക ഒരു ഘടകമല്ലെന്നായിരുന്നു മലക്കം മറിച്ചിൽ. അൻവർ സാദത്ത് അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുള്ള മന്ത്രിയുടെ മറുപടിയിലാണിത്.
നിരക്കുവർദ്ധനയിൽ സർക്കാർ ഇടപെട്ടില്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി, വർദ്ധന ഈ തോതിലെങ്കിലും നിറുത്താനായത് സർക്കാർ നിർദ്ദേശം മൂലമാണെന്നു പിന്നീട് അവകാശപ്പെടുകയും ചെയ്തു. സർക്കാർ ഇടപെട്ടില്ല എന്നല്ലേ മന്ത്റി ആദ്യം പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചപ്പോൾ, അത് ഉപദേശം മാത്രമായിരുന്നെന്നു പറഞ്ഞ് തടിതപ്പി. കെ.എസ്.ഇ.ബിയിൽ അഴിമതിയാണെന്നും അതിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
1400 കോടി പ്രവർത്തന ലാഭം ഉണ്ടാക്കിയിട്ടും നിരക്ക് വർധിപ്പിച്ചത് അന്യായമാണെന്ന് അൻവർ സാദത്ത് പറഞ്ഞു. 2011-16 ൽ മൂന്നു തവണയായി 44.44 % നിരക്ക് കൂട്ടിയെങ്കിൽ 2016-22 വരെ മൂന്നു തവണയായി 19% മാത്രമാണെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി 2018-19ൽ 290 കോടിയും 2019-20ൽ 269 കോടിയും 2020-21ൽ 1822 കോടിയും നഷ്ടത്തിലായിരുന്നു. 2021-22ൽ 1,400 കോടി ലാഭമുണ്ട്. എന്നാൽ സഞ്ചിത നഷ്ടം 14,800 കോടിയും വായ്പാ ബാദ്ധ്യത 10,600 കോടിയുമാണ്. മൊത്തം കുടിശിക 2,789 കോടിയാണ്. ഇതിൽ സർക്കാരിന്റേത് 1,300 കോടി വരും.
1400 കോടി ലാഭമുണ്ടായെന്ന് അവകാശപ്പെടുമ്പോൾ, യൂണിറ്റിന് 40 പൈസ കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ബോർഡിൽ സി.പി.എം അനുകൂല ഓഫീസേഴ്സ് അസോസിയേഷന്റെ ഭരണമാണെന്നും പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.കെ. രമ എന്നിവരും പ്രസംഗിച്ചു.
വൈദ്യുതി വാങ്ങൽ: കരാർ വ്യവസ്ഥ
മാറ്റിയാൽ 800 കോടി നേട്ടം
ദീർഘകാല വൈദ്യുതി കരാറുകളിൽ നിന്നു ചില വ്യവസ്ഥകൾ മാറ്റിയാൽ 800 കോടിയുടെ അധിക ബാദ്ധ്യത ഒഴിവാക്കാമെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്റി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. താപനിലയങ്ങളിൽ നിന്ന് 850 മെഗാവാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങുന്നതിന് 2014ൽ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിൽ 300 മെഗാവാട്ട് വാങ്ങുന്നതിന് മാത്രമാണ് റഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുള്ളത്. 565 മെഗാവാട്ടിന് അനുമതിയായിട്ടില്ല. ഇത് പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.
വൈദ്യുതി മീറ്ററുകൾ പ്രീപെയ്ഡാക്കും : മന്ത്രി
തിരുവനന്തപുരം: വൈദ്യുതി മീറ്ററുകൾ 2025ഓടെ പൂർണമായി പ്രീപെയ്ഡ് സംവിധാനത്തിലേക്ക് മാറ്റുമെന്നും ഇതോടെ ആവശ്യാനുസരണം റീച്ചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാനാകുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇതിനായി കേന്ദ്രസർക്കാരിന്റെ ആർ.ഡി.എസ്.എസ്
പദ്ധതിയിൽ ഉൾപ്പെടുത്തി 8175.05കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വൈദ്യുതി ബിൽ സഹകരണ സ്ഥാപനങ്ങളിലൂടെ അടക്കുന്നതിനുള്ള സംവിധാനം ഒരുക്കും. ഇനിയും വൈദ്യുതി എത്തിയിട്ടില്ലാത്ത ആദിവാസി ഊരുകളിൽ ഭൂഗർഭകേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ചിലവേറിയ പദ്ധതിയായതിനാൽ എം.എൽ.എ ഫണ്ടുകൾ കൂടി വിനിയോഗിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
അശോകിനെ മാറ്റിയത് ഭരണസൗകര്യത്തിന്
കെ.എസ്.ഇ.ബി ചെയർമാൻ സ്ഥാനത്ത് നിന്ന് ബി.അശോകിനെമാറ്റിയത് ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഭരണം മാനേജ്മെന്റ് കൃത്യമായി നിർവഹിക്കുന്നു. യൂണിയൻ അതിപ്രസരം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.