
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരെ നിയമസഭയിൽ എം.എം. മണി നടത്തിയ അധിക്ഷേപ സ്വരത്തിലുള്ള പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിൽ, സ്പീക്കർ ഇടപെട്ട് അത് രേഖയിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇന്നലെ സഭയിൽ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.
ഇന്നലെ ക്രമപ്രശ്നത്തിലൂടെയാണ് സതീശൻ വിഷയമുന്നയിച്ചത്.സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന ദുര്യോധനന്മാരും ദുശ്ശാസനന്മാരും അഴിഞ്ഞാടുന്ന കൗരവസഭയായി കേരള നിയമസഭയെ മാറ്റരുതെന്ന് അദ്ദേഹം പറഞ്ഞു.അതിന്റെ അന്തസ്സും പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിക്കണം. സ്ത്രീകൾക്ക് വൈധവ്യം സംഭവിക്കുന്നത് അവരുടെ വിധിയാണെന്ന നിഗമനത്തിലെത്താനാവുമോ?
അത്തരം നിഗമനത്തിന്റെ അന്തിമഫലമാണ് സതിയെന്ന ആചാരം. പുരോഗമനപരമായി കാര്യങ്ങൾ ചിന്തിക്കുന്ന കേരളത്തിന് അത് യോജിച്ചതാണോയെന്നും സതീശൻ ചോദിച്ചു.
രാവിലെ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ മണിയുടെ പരാമർശത്തിനെതിരായ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. ഇരിപ്പിടങ്ങളിൽ പ്ലക്കാർഡുകൾ സ്ഥാപിച്ചാണ് ചോദ്യോത്തരവേള മുതൽക്കുള്ള സമ്മേളന നടപടികളിൽ സഹകരിച്ചത്.
രമയ്ക്ക് പുറമേ ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെ അപമാനിച്ചിട്ടും സി.പി.ഐ നേതൃത്വം മൗനം പാലിക്കുന്നത് അദ്ഭുതകരമാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് പറയുന്ന സി.പി.എം വിധിയിൽ വിശ്വസിക്കുന്നുണ്ടോ? കമ്യൂണിസ്റ്റ് നിലപാടുകളെപ്പറ്റി വാതോരാതെ സംസാരിക്കുന്നവർ വൈധവ്യം സ്ത്രീയുടെ വിധിയാണെന്ന് പറയുന്ന അവസ്ഥയിലേക്കെത്തിയെന്നും സതീശൻ പരിഹസിച്ചു.
പ്രതിഷേധം ഭയന്ന് സഭ വെട്ടിച്ചുരുക്കാൻ സർക്കാർ ഗൂഢാലോചന: സതീശൻ
ഇ.പി. ജയരാജനെതിരെ കേസെടുക്കണം
തിരുവനന്തപുരം: പ്രതിപക്ഷം പ്രതിഷേധ ശബ്ദമുയർത്തിയാൽ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കി നേരത്തേ പിരിയാനുള്ള ഗൂഢാലോചന സർക്കാർ നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തുടർച്ചയായി സഭ സ്തംഭിപ്പിച്ചാൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സാദ്ധ്യതയാണില്ലാതാകുന്നത്. ചർച്ച നടത്താതെ രക്ഷപ്പെടാനുള്ള വഴി സർക്കാരിന് ഒരുക്കിക്കൊടുക്കേണ്ടെന്നാണ് യു.ഡി.എഫ് നിയമസഭാകക്ഷി യോഗം തീരുമാനിച്ചത്. സഭാ സമ്മേളനം തുടങ്ങിയതു മുതൽ അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് ഭരണകക്ഷി അംഗങ്ങളാണ്. സ്വർണക്കടത്ത് ആരോപണം ഉണ്ടായതിന് പിന്നാലെ സർക്കാർ പുതിയ വിവാദങ്ങളുണ്ടാക്കുകയാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ മർദ്ദിച്ച ഇ.പി. ജയരാജൻ കുറ്റക്കാരനാണെന്ന് ഇൻഡിഗോ വിമാനക്കമ്പനി കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണം. കേസെടുത്തില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പരാതിക്കാരനായ ജോസഫ് എം. പുതുശ്ശേരി പൊലീസിന് നൽകും. തെളിവില്ലെന്ന് പറഞ്ഞ് കേസൊതുക്കാനാണ് പൊലീസും സി.പി.എമ്മും ശ്രമിക്കുന്നത്.
ശബരിനാഥിനെ സംരക്ഷിക്കും
വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെ പേരിൽ കെ.എസ്. ശബരിനാഥനെതിരെ കേസെടുത്താൽ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കും. യൂത്ത് കോൺഗ്രസ് ആലോചിച്ചായിരിക്കും വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ തീരുമാനിച്ചത്. അതിലെന്ത് തെറ്റാണുള്ളത്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റെന്ന നിലയിൽ ശബരിനാഥൻ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാകും. നിയമപരമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കട്ടെ. വിമാനത്തിൽ പ്രതിഷേധിച്ചതിനെയാണ് സി.പി.എം മുഖപത്രവും ചാനലും ഭീകരപ്രവർത്തനമെന്ന് പറയുന്നത്. പത്തൊമ്പതുകാരന്റെ തലയിൽ മഴു കൊണ്ട് വെട്ടുന്നതും കൈയും കാലും വെട്ടിമാറ്റി കൊലപ്പെടുത്തുന്നതുമല്ലേ ഭീകരപ്രവർത്തനം.
അഴിമതിക്കാർക്കായി അശോകിനെ
തെറിപ്പിച്ചു: സതീശൻ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ വമ്പൻ അഴിമതിക്കാരെ സംരക്ഷിക്കാൻ അഴിമതിയുടെ കറ പുരളാത്ത ഡോ.ബി.അശോകിനെ ചെയർമാൻ സ്ഥാനത്തു നിന്ന് തെറിപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. ചെയർമാനെ മാറ്റി സി.പി.എം അനുകൂല ഓഫീസേഴ്സ് അസോസിയേഷനാണ് ഭരിക്കുന്നത്. അശോകിനെ സർക്കാർ മാറ്റിയപ്പോൾ മന്ത്രി കൃഷ്ണൻകുട്ടി നിസഹായനായി കണ്ടുനിന്നു.
ഓഫീസേഴ്സ് സംഘടന ഇടപെട്ട വൈദ്യുതി വാങ്ങൽ കരാറുകളിലൂടെ കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടാക്കിയത്. ട്രാൻസ്ഗ്രിഡ് പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ തന്നെ ആയിരം കോടിയുടെ നഷ്ടമുണ്ടായി. ഈ പദ്ധതിക്ക് കുടപിടിച്ചത് മുൻ വൈദ്യുതി മന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായിരുന്ന യൂണിയൻ നേതാവാണ്. സർക്കാരിന്റെ അനുമതിയില്ലാതെ 1200 കോടിയുടെ ശമ്പളപരിഷ്കരണം നടപ്പാക്കി. ടെൻഡർ തുകയടക്കമുള്ള രഹസ്യ വിവരങ്ങൾ കരാറുകാർക്ക് ചോർത്തിക്കൊടുക്കുന്നു. വാട്സ് ആപ് സന്ദേശം വഴി 90 ഉദ്യോഗസ്ഥരെ നിയമിച്ചതിലൂടെ 12കോടി അധികച്ചെലവുണ്ടായി. ഹൈഡൽ ടൂറിസത്തിന്റെ മറവിൽ കെ.എസ്.ഇ.ബിയുടെ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് നൽകുന്നു. ഈ വമ്പൻ അഴിമതികൾ ചോദ്യംചെയ്തതിനാണ് അശോകിനെ സ്ഥലംമാറ്റിയത്.
കേരളകൗമുദി റിപ്പോർട്ട് സഭയിൽ
പ്രതിമാസം 500 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ടുമാസത്തെ ബിൽ കേരളത്തിൽ 8120 രൂപയും തമിഴ്നാട്ടിൽ 2650 രൂപയുമാണെന്ന കേരളകൗമുദി റിപ്പോർട്ട് വി.ഡി. സതീശൻ സഭയിൽ ഉന്നയിച്ചു. ഈ വാർത്ത തെറ്റാണെന്നാണ് കെ.എസ്.ഇ.ബി വാർത്താക്കുറിപ്പ് ഇറക്കിയത്. അതിൽ പറയുന്നത് തമിഴ്നാട്ടിലെ നിരക്ക് 2650 അല്ല, 5000 രൂപയാകുമെന്നാണ്. എന്നാൽ പോലും കേരളത്തിലെ നിരക്കുമായി 3000ലേറെ രൂപ വ്യത്യാസമുണ്ട്.
കൗരവസഭ പ്രതിപക്ഷം :
മന്ത്രി വാസവൻ
തിരുവനന്തപുരം:കെ.പി.സി.സി ഓഫീസിന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കേണ്ടി വന്ന ലതിക സുഭാഷിനെ അധിക്ഷേപിച്ച പ്രതിപക്ഷമാണ് യഥാർത്ഥ കൗരവസഭയെന്ന് സഹകരണവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയായി മന്ത്രി വാസവൻ പറഞ്ഞു. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന ദുര്യോധനന്മാരും ദുശ്ശാസനന്മാരും അഴിഞ്ഞാടുന്ന കൗരവസഭയായി നിയമസഭയെ മാറ്റരുതെന്ന പ്രതിപക്ഷനേതാവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത് ശപഥമെടുത്തത് അപ്പുറത്തെ ദുര്യോധനന്മാരുടെയും ദുശ്ശാസനന്മാരുടെയും ചോര കുടിച്ചിട്ടേ മുടി കെട്ടൂ എന്നാണ്. ഇതുപക്ഷ ഭീമനാൽ അവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ കൗരവസഭയെ തോല്പിച്ചാണ് മുടി കെട്ടി ഇടതുപക്ഷത്തെ പാണ്ഡവസഭയ്ക്കൊപ്പം ചേർന്നതെന്നും വാസവൻ പറഞ്ഞു. മഹിളാ കോൺഗ്രസ് സമരത്തിൽ എം.എം. മണിക്ക് നേരേ നടത്തിയ വംശീയാധിക്ഷേപവും സഭയിൽ ചർച്ചയായി. ആ സമരരീതി ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് അപ്പോൾ തന്നെ അവരെ വിളിച്ച് പറഞ്ഞതാണെന്ന് ടി. സിദ്ദിഖ് പറഞ്ഞു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് അധിക്ഷേപം നടത്തിയല്ലോയെന്ന് മന്ത്രി വാസവൻ ചോദിച്ചു.